കണ്ണൂർ പയ്യാമ്പലം ബീച്ചിൽ യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതി കുറ്റക്കാരനെന്ന് കോടി, ശിക്ഷ നാളെ
തലശേരി: കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ചാലാട് സ്വദേശിയായ യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും. ചാലാട് മുള്ളകണ്ടി എരത്താൻകണ്ടി വീട്ടിൽ ഭരതന്റെ മകൻ പി.എം. ഷൈജുവിനെ (41) കൊലപ്പെടുത്തിയ കേസിൽ പ്രതിയായ എറണാകുളം വൈപ്പിൻ സ്വദേശി എം.വി. ശ്രീഗുരുവിനെയാണ് (44) തലശേരി രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ടിറ്റി ജോർജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
2018 ഡിസംമ്പർ 13നാണ് കേസിനാസ്പദമായ സംഭവം. പള്ളിയാംമൂലയിൽ ആൾപാർപ്പില്ലാത്ത കാടുപിടിച്ച് കിടക്കുന്ന സ്ഥലത്ത് അബോധാവസ്ഥയിൽ കാണപ്പെട്ട ഷൈജുവിനെ പോലീസാണ് ആശുപത്രിയിലേക്കു മാറ്റിയത്. ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് ഷൈജു മരണപ്പെട്ടത്.
പയ്യാമ്പലത്തെ കാവൽക്കാരനായ പ്രതി കൊല്ലപ്പെട്ട ഷൈജുവിന്റെയും സൃഹൃത്തുക്കളുടെയും കൂടെ മദ്യപിച്ച ശേഷമാണ് കൊലപാതകം നടത്തിയതെന്നും പ്രതി പ്രകൃതിവിരുദ്ധ വേഴ്ചയ്ക്ക് ശ്രമിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് കേസ്.
ഷെഡിൽ സൂക്ഷിച്ചിരുന്ന മരവടി എടുത്തുവന്ന് ചാലാട് പടന്നപ്പാലം ബീച്ച് റോഡിൽ വച്ച് തലയ്ക്കും ഇടത് കൈയ്ക്കും കഴുത്തിനും അടിച്ചതിനാൽ നിലത്തുവീണ ഷൈജുവിനെ പ്രതി വലിച്ചിഴച്ചു കൊണ്ടുപോയി ആൾപാർപ്പില്ലാത്ത വളപ്പിൽ ഉപേക്ഷിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്.
Post a Comment