`ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ല'; നിയമങ്ങൾ പാലിക്കാനായില്ലെങ്കിൽ രാജ്യം വിട്ട് പോകാമെന്ന് വാട്സാപ്പിനോടും മെറ്റയോടും സുപ്രീം കോടതി
ദില്ലി: ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള നിയമങ്ങൾ പാലിക്കാൻ ആയില്ലെങ്കിൽ രാജ്യം വിട്ട് പോകാമെന്ന് സോഷ്യൽ മീഡിയ ഭീമനായ വാട്സാപ്പിനോടും മെറ്റയോടും സുപ്രീം കോടതി. ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വെച്ച് കളിക്കാൻ അനുവദിക്കില്ല.ഡാറ്റ പങ്കിടലിന്റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുതെന്നും കൂടുതൽ തീവ്രമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
സമൂഹത്തിലെ സാധാരണക്കാരായവർക്ക് നിങ്ങളുടെ സ്വകാര്യതാ നയം മനസ്സിലാകുമോ എന്നും ബെഞ്ച് ചോദിച്ചു. മെറ്റാ, വാട്‌സാപ്പ് തുടങ്ങിയവയുടെ സ്വകാര്യത നയവുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. വാട്‌സാപ്പിന്റെ 2021ലെ സ്വകാര്യത നിയമവുമായി ബന്ധപ്പെട്ട കേസിൽ 213.14 കോടി രൂപ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പിഴ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത മെറ്റയും വാട്‌സാപ്പും നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. കേസിൽ ഫെബ്രുവരി 10ന് ഉത്തരവിറക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Post a Comment