ബിസിനസ് ക്ലാസ് ബസ് , കണ്ടക്ടർക്കു പകരം ബസ് ഹോസ്റ്റസ്; ആധുനിക സൗകര്യങ്ങളുള്ള വോൾവോ ലക്ഷ്വറി ബസുകളിറക്കാൻ കെഎസ്ആർടിസി
നെടുമങ്ങാട്: പാൻട്രിയും ടോയ്ലെറ്റും അടക്കം ആധുനിക സൗകര്യങ്ങളുള്ള വോൾവോ ലക്ഷ്വറി ബസുകൾ കെഎസ്ആർടിസി ഉടൻ നിരത്തിലിറക്കുമെന്നു ഗതാഗതമന്ത്രി മന്ത്രി ബി. ഗണേഷ് കുമാർ. ബസിൽ കണ്ടക്ടർക്കു പകരം പരിശീലനം സിദ്ധിച്ച ബസ് ഹോസ്റ്റസുമാരായിരിക്കും. രാജ്യത്ത് ഇറങ്ങുന്നതിൽ വച്ച് ഏറ്റവും സൗകര്യംകൂടിയ വോൾവോ ബസുകളായിരിക്കും ഇതിനായി ഉപയോഗിക്കുകയെന്നും മന്ത്രി പറഞ്ഞു
കെഎസ്ആർടിസി നെടുമങ്ങാട് യൂണിറ്റിലെ ഡ്രൈവിംഗ് സ്കൂൾ, നവീകരിച്ച ഡിപ്പോ യാർഡ്, പ്രവേശന കവാടത്തിന്റെയും നെടുമങ്ങാട് – പറശിനിക്കടവ്, നെടുമങ്ങാട് – മാനന്തവാടി എന്നീ ബസ് സർവീസുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബസിൽ കുടിവെള്ളം
വിപണിയിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ കെഎസ്ആർടിസി യാത്രക്കാർക്ക് കുടിവെള്ളം ലഭ്യമാക്കുമെന്നും വിപണനം ചെയ്യുന്ന കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ഇതിന്റെ ആനുകൂല്യം നൽകുമെന്നും മന്ത്രി പറഞ്ഞു.
ഡ്രൈവിംഗ് സ്കൂൾ
കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകളിൽ ഹെവി മോട്ടോർ വാഹന പരിശീലനത്തിനും ലൈറ്റ് മോട്ടോർ വാഹന പരിശീലനത്തിനും 9000 രൂപയും ഇരു ചക്ര വാഹന പരിശീലനത്തിന് 3500 രൂപയും ഇരു ചക്ര വാഹനത്തിന്റെയും ലൈറ്റ് മോട്ടോർ വാഹനത്തിന്റെയും ഒന്നിച്ചുള്ള പരിശീലനത്തിന് 11000 രൂപയുമാണ് ഫീസ്.
എസ് സി/എസ് ടി വിഭാഗകാർക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും 20 ശതമാനം ഫീസിളവും കെഎസ്ആർടിസി ജീവനക്കാർക്ക് അഞ്ചു ശതമാനം ഫീസിളവും അനുവദിച്ചിട്ടുണ്ട്. ഒരു ബാച്ചിൽ 16 പേർക്കാണ് പ്രവേശനം. ഒരു മാസത്തെ പാഠ്യപരിശീലന പരിപാടിയിൽ 28 ദിവസം ഡ്രൈവിംഗ് പരിശീലനവും രണ്ട് ദിവസം തിയറി ക്ലാസുകളുമുണ്ടാകും.
Post a Comment