കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ. ഷാഫിയുടെ മൂക്കിനു ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ മാർ പറഞ്ഞു. മൂക്കിന്റെ എല്ലിന് പൊട്ടലുണ്ട് അഞ്ചു ദിവസത്തെ വിശ്രമം നിർദേശിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാത്തിച്ചാർജ് നടത്തിയിട്ടില്ല എന്ന് പറയുന്ന എസ്പി ദൃശ്യങ്ങൾ പരിശോധിക്കുവാൻ തയ്യാറാകണം. കണ്ണുണ്ടെങ്കിൽ എസ്പി ദൃശ്യങ്ങൾ കാണണം. പൊലീസ് രണ്ട് തവണ ഷാഫി പറമ്പിലിന്റെ മുഖത്ത് ലാത്തി കൊണ്ട് ഇടിച്ചു. പ്രവർത്തകന്റെ കണ്ണിന് ഗുരുതര പരിക്കേറ്റുവെന്നും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമോ എന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. എംപിയെ അറിയാത്തവർ അല്ല ഇവിടുത്തെ പൊലീസുകാർ. പേരാമ്പ്ര ഡിവൈഎസ്പി സിപിഎം ഗുണ്ടയെ പോലെയാണ് പെരുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം, സംഭവത്തിൽ പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്. നാളെ ബ്ലോക്ക് തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്താനാണ് കോൺഗ്രസിൻ്റെ തീരുമാനം. കോഴിക്കോട് നഗരത്തിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് രാത്രി 10 മണിയോടെ സെക്രട്ടറിയേറ്റ് മാർച്ചും നടത്തും. ലാത്തിച്ചാര്‍ജിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത്. കൂടാതെ നിരവധി യുഡിഎഫ് പ്രവർത്തകർക്കും ഡിവൈഎസ്പി ഹരിപ്രസാദിനും പരിക്കേറ്റിട്ടുണ്ട്. ഡിവൈഎസ്പിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം - യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്. സികെജി കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ സംഘർഷം ഉണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായി ഇന്ന് പേരാമ്പ്ര ടൗണിൽ കോൺഗ്രസ് ഹർത്താൽ ആചരിച്ചിരുന്നു
إرسال تعليق