ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിര ഉദ്ഘാടന ദിവസത്തിൽ ദില്ലിയിലെ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിക്കെതിരെ രാഹുൽ ഗാന്ധി രംഗത്ത്. പൊലീസിനെ ഉപയോഗിച്ച് തെരുവിൽ പ്രതിഷേധിക്കുന്നവരുടെ ശബ്ദം അടിച്ചമർത്തുകയാണ് ‘അഹങ്കാരിയായ രാജാവ്’ ചെയ്യുന്നതെന്നാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്. പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തെ കിരീടധാരണമായാണ് പ്രധാനമന്ത്രി കണക്കാക്കുന്നതെന്നും രാഹുൽ ഒരു ട്വീറ്റിൽ പറഞ്ഞിരുന്നു. മറ്റൊരു ട്വീറ്റിൽ ‘പട്ടാഭിഷേകം കഴിഞ്ഞു – അഹങ്കാരിയായ രാജാവ്’ തെരുവിൽ പൊതുജനത്തിന്റെ ശബ്ദം അടിച്ചമർത്തുന്നു’ എന്നും രാഹുൽ അഭിപ്രായപ്പെട്ടു.
ഗുസ്തി താരങ്ങളെ പൊലീസ് വലിച്ചിഴക്കുന്ന ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. ഡബ്ല്യൂഎഫ്ഐ തലവൻ ബ്രിജ് ഭൂഷണ്‍ എം പിക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടി ആവശ്യപ്പെട്ടാണ് ജന്തര്‍മന്ദറില്‍ നിന്ന് പുതിയ പാര്‍ലമെന്റിലേക്ക് ‘മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്’എന്ന പേരിൽ ഗുസ്തിതാരങ്ങൾ മാർച്ച് നടത്തിയത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ ചാടിക്കടന്ന ഗുസ്തി താരങ്ങള്‍ മുന്നോട്ട് പോവുകയായിരുന്നു. ഇതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളുമായി.
राज्याभिषेक पूरा हुआ – ‘अहंकारी राजा’ सड़कों पर कुचल रहा जनता की आवाज़! pic.twitter.com/9hbEoKZeZs
— Rahul Gandhi (@RahulGandhi) May 28, 2023
സാക്ഷി മാലിക് ഉൾപ്പടെയുള്ള ഗുസ്തിതാരങ്ങളെ റോഡിൽ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. താരങ്ങളെ കസ്റ്റഡിയിലെടുത്ത് നീക്കിയതിനു പിന്നാലെ ജന്തർ മന്തറിലെ സമരവേദിയിലെ കൂടാരങ്ങളും പൊലീസ് പൊളിച്ചുനീക്കി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധപരിപാടിയായ ‘മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്’ എന്തുവിലകൊടുത്തും നടത്തുമെന്ന് നേരത്തേ ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്‍റ് മന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ഗുസ്തിതാരങ്ങൾ അവിടേക്ക് മാർച്ച് നടത്തിയത്.
إرسال تعليق