Join News @ Iritty Whats App Group

ക്ഷേമനിധി ഓഫിസുകളില്‍ വിജിലൻസ് റെയ്ഡ് ക്രമക്കേടുകള്‍ കണ്ടെത്തി

ക്ഷേമനിധി ഓഫിസുകളില്‍ വിജിലൻസ് റെയ്ഡ് ക്രമക്കേടുകള്‍ കണ്ടെത്തി


കണ്ണൂർ: പ്രോജക്‌ട് സീറോയുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ തൊഴില്‍ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ഓഫിസുകളില്‍ നടത്തിയ വിജിലൻസ് പരിശോധനയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തി.കണ്ണൂരില്‍ കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധി ഫണ്ട് ഓഫിസ്, ബീഡി ആൻഡ് സിഗാർ തൊഴിലാളി, തയ്യല്‍ തൊഴിലാളി, ചുമട്ടുതൊഴിലാളി, മോട്ടോർ തൊഴിലാളി, ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് എന്നീ ക്ഷേമനിധിഫണ്ട് ഓഫിസുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഫയലുകള്‍ വിജിലൻസ് സംഘം കസ്റ്റഡിയില്‍ എടുത്തു.

തൊഴിലാളികളില്‍നിന്നും തൊഴിലുടമകളില്‍നിന്നും പിരിച്ചെടുക്കുന്ന തുക കൃത്യസമയത്ത് അതാത് ക്ഷേമനിധി അക്കൗണ്ടുകളില്‍ അടയ്ക്കാതെ വകമാറ്റി വൈകിപ്പിക്കല്‍, അനർഹക്ക് പെൻഷൻ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ചു തുടങ്ങിയ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ചില ഓഫിസുകള്‍ കേന്ദ്രീകരിച്ച്‌ മരിച്ചവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളില്‍ മാറ്റം വരുത്തി പെൻഷൻ തുക തുടർന്നു തട്ടിയെടുത്തതായുള്ള സംശയവുമുണ്ട്.

തൊഴിലാളിക്ക് വിവിധ ക്ഷേമനിധി ബോർഡുകളില്‍നിന്നു ലഭിക്കേണ്ട ആനുകൂല്യങ്ങളും 60 വയസിന് ശേഷം ലഭിക്കേണ്ട പെൻഷനും കുടിശികയായത്, കെട്ടിട തൊഴിലാളി ക്ഷേമനിധി ബോർഡില്‍ മാസംതോറും നിശ്ചിത തുക അടച്ച്‌ കാലാവധി പൂർത്തിയാക്കിയവർക്ക് വർഷങ്ങള്‍ കഴിഞ്ഞിട്ടും ആനുകൂല്യം ലഭിക്കാത്തത് തുടങ്ങിയവ സംബന്ധിച്ചും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.
കണ്ണൂർ യൂണിറ്റ് വിജിലൻസ് ഡിവൈഎസ്പി എം.ടി. ജേക്കബിന്റെ നേതൃത്വത്തില്‍ രാവിലെ10.30 മുതല്‍ ആരംഭിച്ച പരിശോധന വൈകുന്നേരം വരെ നീണ്ടു.

ക്ഷേമനിധി ഓഫീസുകളിലെ ക്രമക്കേടും അഴിമതിയും കണ്ടെത്താൻ ഓപ്പറേഷൻ വെല്‍ഫെയർ ഫണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും പരിശോധന നടന്നത്.കണ്ണൂരില്‍ നടത്തിയ പരിശോധനയ്ക്ക് ഇൻസ്പെക്ടർമാരായ പി.എ. ബിനുമോഹൻ, സുനില്‍കുമാർ, അനീഷ്, ബി.എസ്. ബാവിഷ് , നൗഫല്‍ എന്നിവരും നേതൃത്വം നല്‍കി.

Post a Comment

أحدث أقدم
Join Our Whats App Group