നെടുമ്പാശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിനെ വീണ്ടും അറസ്റ്റ് ചെയ്ത് എക്സൈസ്
നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് എക്സൈസ് രേഖപ്പെടുത്തി. 23 വയസ് പൂർത്തിയാകുന്നതിന് മുമ്പ് മദ്യപിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് അബ്കാരി നിയമപ്രകാരം നടപടി. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സുഹൈൽ എക്സൈസ് ഓഫീസിൽ ഹാജരായപ്പോഴായിരുന്നു അറസ്റ്റ്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ സുഹൈൽ മദ്യം കഴിച്ച ബാറിൽ നിന്ന് ഏകദേശം 4,500 രൂപയുടെ ബിൽ കണ്ടെത്തിയിരുന്നു. ബാറിലെ സിസിടിവി ദൃശ്യങ്ങളും എക്സൈസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് സുഹൈൽ ജാമ്യത്തിൽ പുറത്തിറങ്ങിയത്. മോചിതനായി രണ്ട് ദിവസത്തിന് ശേഷമാണ് എക്സൈസിന് മുന്നിൽ ഹാജരായത്.
കാക്കനാട് ബോസ്റ്റൽ സ്കൂളിൽ 36 ദിവസം കഴിഞ്ഞ ശേഷമാണ് സുഹൈലിന് മോചനം ലഭിച്ചത്. കേസിൽ സഹപ്രതികളായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ സുഹൈലിനെ പത്ത് ദിവസത്തിന് ശേഷം മാത്രമേ മോചിപ്പിക്കാവൂ എന്ന കോടതി നിർദേശമുണ്ടായിരുന്നു. മജിസ്ട്രേറ്റ് കോടതിയും ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.
ഒക്ടോബർ 11ന് പുലർച്ചെയാണ് നെടുമ്പാശേരി വിമാനത്താവള റോഡിൽ മിനി കൂപ്പർ ഇടിച്ച് മൂന്ന് പേർ മരിച്ചത്. മദ്യപിച്ച് വാഹനമോടിച്ച സുഹൈലിനെതിരെ നരഹത്യാക്കുറ്റവും വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെ പ്രേരണക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. ഈ മാസം അവസാനത്തോടെ കേസിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
إرسال تعليق