വഖഫ് ബോർഡ് പുനഃസംഘടന: കരുതിക്കൂട്ടി ഒഴിവാക്കിയതല്ല, ഒരുപാട് പരിമിതികളുണ്ട്, എപി വിഭാഗം പറയുന്നത് ന്യായം- പി കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയിൽ എപി വിഭാഗത്തിന് പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതി ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കുമെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യ സെക്രട്ടറിയും മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി. എപി വിഭാഗത്തിന് വഖഫ് ബോർഡ് പുനഃസംഘടനയിൽ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് ന്യായമാണ്. ഇക്കാര്യം ചർച്ച നടത്തി പരിഹരിക്കണമെന്നതാണ് നിലപാടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിങ്കളാഴ്ച സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചുചേർത്ത മുസ്ലീം സമുദായ സംഘടനകളുടെ യോഗം പ്രത്യേക വിഷയമോ ഏതെങ്കിലും പ്രാദേശിക വിഷയങ്ങളോ ചർച്ച ചെയ്യാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വഖഫ് ബോർഡ് പുനഃസംഘടനയിൽ എപി വിഭാഗത്തിന് പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് ചർച്ച നടത്തി പരിഹരിക്കണമെന്നതാണ് നിലപാട്. വഖഫ് ബോർഡിൽ കേന്ദ്രസർക്കാർ പരിഷ്കാരം കൊണ്ടുവന്നപ്പോൾ ഒരുപാട് പരിമിതികളുണ്ട്. അങ്ങനെ വന്നപ്പോൾ ഉണ്ടായ വിഷയങ്ങളാണിത്. ഹജ്ജ് കമ്മിറ്റി, മദ്രസ ക്ഷേമനിധി ബോർഡ് തുടങ്ങിയവയുടെ പുനഃസംഘടനയും വരാനുണ്ട്. എല്ലാ സംഘടനകൾക്കും എല്ലാത്തിലും പ്രാതിനിധ്യം കൊടുക്കാനാകില്ല. ബാക്കി ബോർഡുകൾ വരുമ്പോൾ എല്ലാവർക്കും പ്രാതിനിധ്യം കൊടുക്കാമെന്നാണ് കരുതിയത്. അല്ലാതെ കരുതിക്കൂട്ടി ഒഴിവാക്കിയതല്ല.
ഇക്കാര്യം ചർച്ച നടത്തി പരിഹരിക്കാൻ വല്ല മാർഗവും ഉണ്ടോ എന്ന് നോക്കും. അവർക്ക് പ്രാതിനിധ്യം കൊടുക്കേണ്ടത് തന്നെയാണ്. അതിൽ സംശയമൊന്നുമില്ല. എല്ലാം ചർച്ചയിലൂടെ പരിഹരിക്കും. അവർ പറയുന്നത് ന്യായമാണ്. അവരെക്കൂടി ഉൾപ്പെടുത്താൻ വഴിയുണ്ടെങ്കിൽ ഉൾപ്പെടുത്തും. എപി വിഭാഗം യോഗം ബഹിഷ്കരിച്ചു എന്നത് മാധ്യമങ്ങൾ പറയുന്നതാണ്. യോഗത്തിൽ എല്ലാവരും വന്നുകൊള്ളണമെന്നില്ല. ഇവിടെ ഉണ്ടാകുന്നവർക്ക് അല്ലേ പങ്കെടുക്കാനാകൂ എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
إرسال تعليق