നടപ്പാതകള്‍ കച്ചവടത്തിനല്ല,കാല്‍നടക്കാര്‍ക്ക്: ഹൈക്കോടതി
കൊച്ചി: നടപ്പാതകള്‍ കാല്‍നട യാത്രക്കാർക്കുള്ളതാണെന്നും വഴിയോര കച്ചവടക്കാർക്കല്ലെന്നും ഹൈക്കോടതി.
അതേസമയം, ദൈനംദിന ജീവിതത്തിനുള്ള വഴി കണ്ടെത്താൻ വെയിലും മഴയും കണക്കിലെടുക്കാതെ തെരുവില്‍ കച്ചവടം നടത്തുന്നവരെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. കണ്ണൂർ പയ്യന്നൂർ ടൗണിലെ നടപ്പാതകളില്‍ കച്ചവടം നടത്തുന്നവരെ ഒരു മാസത്തിനുള്ളില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി മാറ്റണമെന്ന് നിർദ്ദേശിക്കുന്ന ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. പിന്നീടും നടപ്പാതയില്‍ കച്ചവടം നടത്തിയാല്‍ കർശന നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചു.
നടപ്പാത കൈയേറി കച്ചവടം നടത്തുന്നതിനാല്‍ സ്വന്തം സ്ഥാപനത്തിലേക്കുള്ള വഴി തടസ്സപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സംരക്ഷണം തേടി പയ്യന്നൂരില്‍ കെട്ടിടമുള്ള എം. ജലജ നല്‍കിയ ഹർജി അനുവദിച്ചാണ് ഉത്തരവ്.
പയ്യന്നൂർ ടൗണ്‍ വളർന്നപ്പോള്‍ റോഡുകള്‍ ചെറുതായെന്ന് കോടതി പറഞ്ഞു. നടപ്പാതകള്‍ വഴിയോര വ്യാപാരികള്‍ കൈയടക്കിയതോടെ കാല്‍നടക്കാർ ബുദ്ധിമുട്ടിലായി. ഇതൊഴിപ്പിക്കാൻ മാനുഷികവും പ്രായോഗികവുമായ സമീപനം വേണം. അതിനാല്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് അനുയോജ്യ സ്ഥലം കണ്ടെത്തി മാറ്റാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡില്‍ നിന്ന് പഴയ ബസ് സ്റ്റാൻഡുവരെ വഴിയോര കച്ചവടം അനുവദിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. ഹർജിക്കാരിയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിന് തടസ്സമാകുന്ന വിധം വഴിയോര കച്ചവടം നടത്താൻ അനുവദിക്കരുതെന്നും നിർദ്ദേശം നല്‍കി.
إرسال تعليق