എൻഎച്ച്എം കരാർ ജീവനക്കാർക്ക് തിരിച്ചടി; 2026 ജൂണിന് മുമ്പുള്ള മുഴുവൻ ഇന്റർവ്യൂ ലിസ്റ്റുകളും റദ്ദാക്കും
നാഷണൽ ഹെൽത്ത് മിഷനിൽ കൂട്ടപ്പിരിച്ചുവിടലിന് ആരോഗ്യവകുപ്പിന്റെ നീക്കം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിച്ച എൻഎച്ച്എം കരാർ ജീവനക്കാരെ ഒഴിവാക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. 2026 ജൂണിന് മുമ്പ് തയ്യാറാക്കിയ മുഴുവൻ ഇന്റർവ്യൂ ലിസ്റ്റുകളും റദ്ദാക്കാൻ നിർദേശം നൽകി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എൻഎച്ച്എം ഡയറക്ടർക്ക് അയച്ച ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നതോടെയാണ് നടപടി ശ്രദ്ധേയമായത്. തീരുമാനം നടപ്പായാൽ ആയിരക്കണക്കിന് കരാർ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
എൻഎച്ച്എം ജീവനക്കാരുടെ കരാർ കാലാവധി നേരത്തെ മൂന്ന് മാസത്തേക്ക് നീട്ടിനൽകിയിരുന്നു. ഈ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് നിലവിലെ ലിസ്റ്റുകൾ റദ്ദാക്കി പുതിയ പട്ടിക തയ്യാറാക്കാനുള്ള നിർദേശം നൽകിയത്. നിലവിലെ ആരോഗ്യവകുപ്പിന്റെ ആവശ്യകതയും ജീവനക്കാരുടെ ജോലിഭാരവും വിലയിരുത്തി പുതിയ നിയമനപ്പട്ടിക തയ്യാറാക്കാനാണ് നിർദേശം.
കഴിവും പ്രാപ്തിയുമുള്ള പുതിയ ജീവനക്കാരെ കണ്ടെത്തുന്നതിനും നിലവിലെ ആവശ്യകതയ്ക്ക് അനുസരിച്ച് ജീവനക്കാരെ നിയോഗിക്കുന്നതിനുമാണ് നടപടിയെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. എന്നാൽ നിലവിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് കരാർ ജീവനക്കാരെ ബാധിക്കുന്ന തരത്തിലുള്ള തീരുമാനം ആരോഗ്യവകുപ്പിൽ അസാധാരണ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. പുതിയ പട്ടിക തയ്യാറാക്കുന്നതോടെ നിലവിലെ ജീവനക്കാരുടെ തുടർനിയമനവും അനിശ്ചിതത്വത്തിലാകും.
إرسال تعليق