ഉളിയില്‍ സ്വദേശി കെ.കെ.സാജിറിന്റെ ജീവനെടുത്തത് ബംഗളൂരുവിലെ ഗതാഗതക്കുരുക്ക്
ബംഗളൂരുവില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് ചികിത്സ വൈകിയതിനെ തുടർന്ന് മലയാളി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ മട്ടന്നൂർ ഉളിയില്‍ സ്വദേശി കെ.കെ.സാജിർ (51) ആണ് മരണപ്പെട്ടത്. ബംഗളൂരു - ഹൊസൂർ ഹൈവേയിലെ ചന്ദാപുര മേല്‍പ്പാലത്തില്‍ അരമണിക്കൂറോളം ഗതാഗതക്കുരുക്കില്‍ കിടന്ന പിക്കപ്പ് വാനില്‍ വെച്ചാണ് സാജിറിന് കുഴഞ്ഞുവീണ് ഹൃദയാഘാതമുണ്ടായത്.
നേരത്തെ ബംഗളൂരുവില്‍ വ്യാപാരിയായിരുന്ന സാജിർ, പുതിയ കമ്പനിയില്‍ ജോലിക്കായി കഴിഞ്ഞ ദിവസമാണ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. സാജിർ വാനില്‍ കുഴഞ്ഞുവീണയുടൻ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓള്‍ ഇന്ത്യ കെ.എം.സി.സി പ്രവർത്തകരെ വിവരമറിയിച്ചിരുന്നു. എന്നാല്‍ പ്രദേശത്ത് രൂപപ്പെട്ട കനത്ത ഗതാഗതക്കുരുക്ക് കാരണം സന്നദ്ധപ്രവർത്തകർക്കും വാഹനത്തില്‍ സമയത്തിന് എത്തിയെത്താൻ സാധിച്ചില്ല.
ഏകദേശം മൂന്ന് കിലോമീറ്ററോളം ദൂരത്തില്‍ നൂറുകണക്കിന് വാഹനങ്ങളാണ് റോഡില്‍ കുടുങ്ങിക്കിടന്നിരുന്നത്. തുടർന്ന് വാഹനം ഉപേക്ഷിച്ച് സന്നദ്ധപ്രവർത്തകർ നടന്ന് സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും മുക്കാല്‍ മണിക്കൂറിലധികം സമയം വൈകിയിരുന്നു. കനത്ത മഴയും റെയില്‍വേ മേല്‍പ്പാല നിർമ്മാണവും കാരണമാണ് ചന്ദാപുരയില്‍ കിലോമീറ്ററുകള്‍ നീണ്ട ഗതാഗത തടസ്സം അനുഭവപ്പെട്ടത്.
സാജിറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കം നടത്തി. റഹീനയാണ് ഭാര്യ. മക്കള്‍: അംന, ഹുദ, ഫാത്തിമ സഫ, ഹംദ, മർവ്വ, ആദം.
إرسال تعليق