Join News @ Iritty Whats App Group

സിജെപിയുടെ ശിവാജി പാർക്കിലെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് മുംബൈ പൊലീസ്; ജയിൽ നിറയ്ക്കൽ സമരം നടത്തുമെന്ന് അഭിജീത് ദിപ്കെ

സിജെപിയുടെ ശിവാജി പാർക്കിലെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് മുംബൈ പൊലീസ്; ജയിൽ നിറയ്ക്കൽ സമരം നടത്തുമെന്ന് അഭിജീത് ദിപ്കെ


ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെയ്ക്കണമെന്ന ആവശ്യവുമായി കോക്രോച്ച് ജനത പാർട്ടി പ്രഖ്യാപിച്ച ഒക്ടോബർ രണ്ടിലെ പ്രതിഷേധത്തിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചു. ശിവാജി പാർക്ക് മൈതാനത്ത് നടത്താൻ നിശ്ചയിച്ചിരുന്ന സമരത്തിനാണ് പൊലീസ് അനുമതി നിഷേധിച്ചത്. പൊലീസ് അനുമതി നിഷേധിച്ച സാഹചര്യത്തിൽ, ജയിൽ നിറയ്ക്കൽ സമരം നടത്തുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ വ്യക്തമാക്കി.

സ്പോർട്സ് ആവശ്യങ്ങൾക്ക് അല്ലാത്ത കാര്യങ്ങൾക്ക് ശിവാജി പാർക്ക് ഉപയോഗിക്കുന്നത് വിലക്കി കൊണ്ടുള്ള 2013-ലെ ബോംബെ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് പൊലീസ് ഞായറാഴ്ച ഉത്തരവിറക്കിയത്. കൂടാതെ മൈതാനം ഉപയോഗിക്കുന്നതിന് ബിഎംസിയുടെ മുൻകൂർ അനുമതി സംഘാടകർ വാങ്ങിയിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ജനവാസ മേഖല ആയതിനാൽ പ്രതിഷേധം ഗതാഗത കുരുക്കിനും കാരണമാകുമെന്നും പൊലീസ് വിശദീകരിക്കുന്നു.

മുംബൈ പൊലീസ് അനുമതി നിഷേധിച്ചതിനെ ശക്തമായ ഭാഷയിൽ അഭിജീത് ദിപ്കെ വിമർശിച്ചു. പൗരന്മാരുടെ ശബ്ദം അടിച്ചമർത്താനുള്ള നീക്കം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം കുറിച്ചു.

ശിവാജി പാർക്ക് പൊലീസ്‌ സ്റ്റേഷനെ സമീപിച്ച് മൈതാനത്ത് പ്രതിഷേധം നടത്താനുള്ള അനുമതി തേടിയെങ്കിലും അധികൃതർ അത് തള്ളുകയായിരുന്നു. പൊലീസിന്റെ രേഖാമൂലമുള്ള അനുമതി നിഷേധ നോട്ടീസ് തങ്ങൾ സ്വീകരിച്ചിട്ടില്ലെന്ന് അഭിജീത് ദിപ്കെ വ്യക്തമാക്കി. എന്തുവന്നാലും ഒക്ടോബർ രണ്ടിന് പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ആവശ്യമെങ്കിൽ ജയിൽ നിറയ്ക്കൽ സമരം നടത്തുമെന്നും ദിപ്കെ പ്രതികരിച്ചു.

അതിനിടെ കഴിഞ്ഞ ദിവസം ഗുവാഹത്തിയിൽ നടത്താനിരുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പ്രാദേശിക വോളന്റിയർ മീറ്റിൽ പങ്കെടുക്കാൻ എത്തിയ അശുതോഷ് റാങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തത് പ്രതിഷേധത്തിന് കാരണമായി. ഇന്ന് രാവിലെയാണ് അശുതോഷിനെ അസം പൊലീസ് കസ്റ്റഡിയിലെടുത്തത്. പരിപാടി നടക്കേണ്ടിയിരുന്ന മൈതാനത്ത് ബാരിക്കേഡുകൾ വെച്ച് കർശന നിയന്ത്രണം ഏർപ്പെടുത്തിയ പൊലീസ്, വേദിക്കുള്ളിലുണ്ടായിരുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ ബലമായി പുറത്താക്കുകയും ചെയ്തു. തങ്ങളെ നിശബ്ദരാക്കാൻ കഴിയില്ലെന്നും പോരാട്ടം തുടർന്നുതന്നെ മുന്നോട്ടുകൊണ്ടുപോകുമെന്നും സി ജെ പി വ്യക്തമാക്കി. രാത്രിയോടെയാണ് റാങ്കയെയും ഒപ്പമുണ്ടായിരുന്ന 35 പ്രവർത്തകരെയും വിട്ടയച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group