കേരളം എന്നാക്കാൻ പാഴ്ചെലവ് വേണ്ട, ഇംഗ്ലീഷിൽ M എന്നും മലയാളത്തിൽ o എന്നും മഷി കൊണ്ട് ചേർക്കാം; ചീഫ് സെക്രട്ടറിയുടെ സർക്കുലർ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കിയതോടെ, ഫയലുകളിലും രേഖകളിലും കേരള എന്നതിന് പകരം കേരളം എന്ന് മാറ്റാൻ പാഴ്ചെലവ് വേണ്ടെന്ന് ചീഫ് സെക്രട്ടറി. ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കി. നിലവിലുള്ള പേപ്പറോ ഫയലോ വെറുതെ കളയരുതെന്നും ഇംഗ്ലീഷിൽ M എന്നും മലയാളത്തിൽ ആണെങ്കിൽ o എന്നും മഷി കൊണ്ട് ചേർക്കാമെന്നും സർക്കുലറിൽ പറയുന്നു. ഓഫീസ് നെയിം ബോർഡുകളും ഫലകങ്ങളും മാറ്റി സ്ഥാപിക്കേണ്ടതില്ലെന്നും പേരുമാറ്റത്തിന് വേണ്ടി മാത്രമായി പണം ചെലവാക്കരുതെന്നും സർക്കുലറിൽ നിർദേശിച്ചു.
കേരള എന്ന് രേഖപ്പെടുത്തിയ നിലവിലുള്ള ലെറ്റർഹെഡുകൾ, കവറുകൾ, ഫോമുകൾ, രജിസ്റ്ററുകൾ, ഫയലുകൾ, പ്രസിദ്ധീകരണങ്ങൾ, മറ്റ് അച്ചടിച്ച സ്റ്റേഷനറി സാമഗ്രികൾ എന്നിവയുടെ നിലവിലുള്ള സ്റ്റോക്ക് പൂർണ്ണമായും തീരുന്നതുവരെ മഷി ഉപയോഗിച്ച് തിരുത്തൽ വരുത്തി ഉപയോഗിക്കേണ്ടതാണെന്നും സംസ്ഥാനത്തിന്റെ പേര് മാറ്റിയതിന്റെ പേരിൽ മാത്രം നിലവിലുള്ള സ്റ്റോക്ക് ഉപേക്ഷിക്കുകയോ പുതുതായി അച്ചടിക്കുകയോ ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കി.
കേരള എന്ന് രേഖപ്പെടുത്തിയിട്ടുള്ള നിലവിലുള്ള ഔദ്യോഗിക മുദ്രകൾ, റബർ സ്റ്റാമ്പുകൾ, സമാന ഉപകരണങ്ങൾ എന്നിവ സാധാരണ നിലയിൽ മാറ്റേണ്ട സാഹചര്യം ഉണ്ടാകുന്നതുവരെ ഉപയോഗിക്കാവുന്നതാണ്. ആവശ്യമായതും പ്രായോഗികവുമായ സാഹചര്യങ്ങളിൽ, അടിയന്തരമായി പുതിയ മുദ്രകൾ തയ്യാറാക്കുന്നതിനുപകരം മഷി ഉപയോഗിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി ഉപയോഗിക്കാവുന്നതാണെന്നും വ്യക്തമാക്കി.
Post a Comment