നടുവനാട് നാട്ടുകൂട്ടായ്മ ഇത്തവണ ഓണമുട്ടിയത് അയ്യായിരത്തിലധികം നാട്ടുകാരെ
ഇരിട്ടി: ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ വേർതിരിവുകളില്ലാതെ ഒരു നാടിനെ ഒന്നാകെ ഒന്നിപ്പിച്ച് നടുവനാട് നാട്ടുകൂട്ടായ്മ ഇത്തവണ ഓണസദ്യ വിളമ്പിയത് അയ്യായിരത്തിലേറെപ്പേർക്ക്. ശനിയാഴ്ച നടുവനാട് എൽ പി സ്ക്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ വിശാലമായ പന്തലിൽ ഓണസദ്യയുണ്ണാൻ ഒരു നാടൊന്നാകെ ഒഴുകിയെത്തുകയായിരുന്നു. പരിപ്പും നെയ്യും ഒപ്പം 32 തരം കറികളും നിലനിറച്ചു വിളമ്പിയപ്പോൾ പിഞ്ചുകുട്ടികളും അമ്മമാരുമടക്കം അത് ആസ്വദിച്ചു കഴിച്ചു. സ്‌കൂൾ മുറ്റവും പന്തലും നിറഞ്ഞുകവിഞ്ഞ് ജനങ്ങൾ ഒഴുകിയെത്തിയപ്പോൾ നടുവനാട് നാട്ടു കൂട്ടായ്മ ഒരുക്കിയ സ്‌നേഹവിരുന്ന് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും വേദിയായി മാറി.
തുടർച്ചയായി പത്താം വർഷമാണ് നടുവനാട് കൂട്ടായ്മ ഓണാഘോഷത്തിന്റെ ഭാഗമായി നാട്ടുകാരെ ഇത്തരത്തിൽ ഊട്ടുന്നത്. നാട്ടുകാർ മാത്രമല്ല ഇപ്പോൾ സമീപ ദേശങ്ങളിൽ നിന്ന് ഉള്ളവർ പോലും നടുവനാട്ടുകാരുടെ ഓണസദ്യയുടെ രുചി അറിയാൻ എത്തുന്നുണ്ട്. ഭക്ഷണം പാകം ചെയ്യാനും വിളമ്പാനുമായി 160ഓളം വളണ്ടിയർമാരാണ് ഉണ്ടായിരുന്നത്. ഇടയ്ക്കിടെ നാട്ടിൽ ഉണ്ടായ രാഷ്ട്രീയ സംഘര്ഷങ്ങളടക്കം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2017 ൽ ഈ കൂട്ടായ്മ രൂപീകൃതമാകുന്നത്. തുടർന്ന് എല്ലാവർഷവും ഓണസദ്യയും വോളിബോൾ മത്സരവും വടംവലി മത്സരവും കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിവരുന്നുമുണ്ട്. വലിപ്പച്ചെറുപ്പമില്ലാതെ കക്ഷി രാഷ്ട്രീയത്തിനും ജാതിമത വ്യത്യാസവുമില്ലാതെയാണ് എല്ലാവരും ഒന്നുചേർന്ന് ഈ കൂട്ടായ്മയിൽ അണിനിരക്കുന്നു എന്നതുകൊണ്ടുതന്നെ ഈ കൂട്ടയ്മ ഇന്ന് നാടിൻറെ അഭിമാനമായി മാറിക്കഴിഞ്ഞു. കൂട്ടായ്മയുടെ ഭാഗമായി ലഭിക്കുന്ന വരുമാനം നാട്ടിലെ പൊതു ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഇവർ ഉപയോഗിക്കുന്നത്.
5000-ൽ അധികം പേർ ഇക്കുറി ഓണസദ്യയുണ്ടുവെന്നാണ് സംഘാടകർ പറയുന്നത്. 12 മണിക്ക് തുടങ്ങിയ സദ്യ വിളമ്പൽ വൈകിട്ട് നാലുമണിവരെ നീണ്ടു. കൂപ്പൺ അടിസ്ഥാനത്തിലാണ് ഭക്ഷണ കൗണ്ടറിലേക്ക് ആളുകളെ കടത്തിവിടുന്നത്. ഇതുമൂലം തിരക്ക് നിയന്ത്രിക്കാനും എല്ലാവർക്കും ഭക്ഷണം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാനും സാധിക്കുന്നു. എം എൽ എ മുതലുള്ള ജനപ്രതിനിധികളും, മത- രാഷ്ട്രീയ, സാമൂഹ്യ, സന്നദ്ധ പ്രവർത്തകകരുമെല്ലാം കൂട്ടായ്മ്മയുടെ ഭാഗമാണെന്ന് സംഘാടക സമിതി ചെയർമാൻ പി.വി. മോഹനൻ പറഞ്ഞു.
Post a Comment