Join News @ Iritty Whats App Group

ഒരു രാജ്യം, ഒരു സമയം; 2027 മാര്‍ച്ച്‌ മുതല്‍ ഇന്ത്യയില്‍ ഏക സമയക്രമം നിര്‍ബന്ധം

ഒരു രാജ്യം, ഒരു സമയം; 2027 മാര്‍ച്ച്‌ മുതല്‍ ഇന്ത്യയില്‍ ഏക സമയക്രമം നിര്‍ബന്ധം


ന്യൂഡല്‍ഹി: രാജ്യത്ത് 'ഒരു രാജ്യം, ഒരു സമയം' നടപ്പാക്കുന്നതിനുള്ള നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. നിയമപരവും വാണിജ്യപരവും ഡിജിറ്റല്‍, ഭരണപരവുമായ എല്ലാ പ്രവർത്തനങ്ങള്‍ക്കും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധമാക്കുന്ന ലീഗല്‍ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) ചട്ടങ്ങള്‍, 2026 കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു.

2027 മാർച്ച്‌ മുതല്‍ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഉപയോഗിക്കേണ്ടിവരും.

രാജ്യത്തെ നിയമരേഖകള്‍, വാണിജ്യ ഇടപാടുകള്‍, ഡിജിറ്റല്‍ സംവിധാനങ്ങള്‍, ഭരണനടപടികള്‍ എന്നിവയില്‍ ഒരേ സമയസ്രോതസ്സ് ഉറപ്പാക്കുകയാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. സമയക്രമത്തിലെ വ്യത്യാസങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കുന്നതിനൊപ്പം നിർണായക ആവശ്യങ്ങള്‍ക്ക് ജിപിഎസ് പോലുള്ള വിദേശ സമയസ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തല്‍. സുരക്ഷിതവും ഏകീകൃതവുമായ ദേശീയ സമയക്രമം രൂപപ്പെടുത്തുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.

നിലവില്‍ ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കള്‍ ഉള്‍പ്പെടെയുള്ള നിരവധി ഡിജിറ്റല്‍ സംവിധാനങ്ങള്‍ ജിപിഎസ് അടക്കമുള്ള വിദേശ സമയസ്രോതസ്സുകളെ ആശ്രയിക്കുന്നുണ്ട്. നിർണായക അടിസ്ഥാന സൗകര്യങ്ങളുടെയും ഡിജിറ്റല്‍ സംവിധാനങ്ങളുടെയും സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ ആശ്രിതത്വം കുറയ്ക്കുന്നത്. ഏകീകൃത ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഉപയോഗിക്കുന്നതിലൂടെ ഡിജിറ്റല്‍ ഇടപാടുകളുടെ സുരക്ഷ വർധിപ്പിക്കാനും സൈബർ കുറ്റകൃത്യങ്ങളുടെ സാധ്യത കുറയ്ക്കാനും ഗതാഗതം, ടെലികോം, മറ്റ് ആശയവിനിമയ ശൃംഖലകള്‍ എന്നിവയില്‍ കൃത്യമായ സമയ ഏകോപനം ഉറപ്പാക്കാനും കഴിയുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group