Join News @ Iritty Whats App Group

കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച രണ്ടു പേർ എംഡിഎംഎയുമായി പിടിയിൽ

കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച രണ്ടു പേർ എംഡിഎംഎയുമായി പിടിയിൽ


ഇരിട്ടി: കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച രണ്ടു പേർ  മാരക ലഹരിമരുന്നായ എംഡിഎംഎയുമായി പിടികൂടി. കൊളച്ചേരി സ്വദേശി നിസാർ (35), ഷമീം (ചാണ്ടി ഷമീം-45) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയൽ ഐപിഎസിൻ്റെ ഡാൻസാഫ് ടീമും ഇരിട്ടി ഇൻസ്പെക്ടർ സിജിത്ത് വിയുടെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഓഗസ്റ്റ് ഏഴിന് കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് വാഹന പരിശോധന നടത്തുമ്പോഴാണ് കർണാടക രജിസ്ട്രേഷനുള്ള കാർ എത്തിയത്. വാഹനം നിർത്താൻ പൊലീസ് സിഗ്നൽ കാണിച്ചെങ്കിലും കൈ കാണിച്ച പൊലീസുകാരെ വെട്ടിച്ച് കാർ അമിത വേഗതയിൽ ഓടിച്ചു പോവുകയായിരുന്നു. ഉടൻ തന്നെ വിവരം പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചു. തുടർന്ന് ഇരിട്ടി പൊലീസും ഡാൻസാഫ് ടീമും അടങ്ങുന്ന സംഘം ഉടനടി വാഹനത്തെ പിൻതുടർന്ന് തെരച്ചിൽ ആരംഭിച്ചു.

വള്ളിത്തോട് കുന്നോത്ത് പറമ്പിലെ ഒഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തിയിട്ട നിലയിൽ പൊലീസ് സംഘം കണ്ടെത്തി. വാഹനം എന്തുകൊണ്ട് നിർത്താതെ പോയി എന്ന് ചോദിച്ചപ്പോൾ വർക്ക് ഷോപ്പിലേക്ക് പോവുകയായിരുന്നു എന്നായിരുന്നു പ്രതികളുടെ മറുപടി. പ്രാഥമിക പരിശോധനയിൽ പ്രതികളിൽനിന്ന് ഒന്നും കണ്ടെത്താനായില്ലെങ്കിലും പൊലീസ് പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം

പരിശോധിച്ചപ്പോഴാണ് പിടിയിലായത് സാധരണക്കാരായ കുറ്റവാളികളല്ലെന്ന് വ്യക്തമായത്.

വധശ്രമം കയ്യേറ്റം, തീവെപ്പ് തുടങ്ങി നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായ കൊടും ഭീകരനാണ് നിസാറെന്ന് ക്രിമിനൽ ഹിസ്റ്ററി പരിശോധനയിൽ തെളിഞ്ഞു. വളപട്ടണം പൊലീസ് സ്റ്റേഷനിൽ 13 കേസുകളും പഴയങ്ങാടി, കണ്ണൂർ ടൗൺ, നാദാപുരം സ്റ്റേഷനുകളിലും നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. പ്രതിയായ ഷമീം, വളപട്ടണം സ്റ്റേഷനിൽ അതിക്രമിച്ച് കയറി സ്റ്റേഷനിൽ സൂക്ഷിച്ച നാലോളം വാഹനങ്ങൾ കത്തിച്ച കേസ്, വധശ്രമകേസ് നാദാപുരം എസ്ഐയെ ഭീഷണിപ്പെടുത്തിയ കേസ്, കയ്യേറ്റം ചെയ്ത കേസ് ഉൾപ്പെടെ 16 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയാണ്.

പ്രതികളുടെ അപകടകരമായ പശ്ചാത്തലം മനസ്സിലാക്കിയ പൊലീസ് വാഹനം വിശദമായി പരിശോധിക്കാൻ തീരുമാനിച്ചു. തുടർന്ന് കാർ ക്രയിൻ ഉപയോഗിച്ച് ഉയർത്തി അടിഭാഗം പരിശോധിച്ചപ്പോഴാണ് പൊലീസിനെപ്പോലും ഞെട്ടിച്ച സൂത്രപ്പണി പുറത്തുവന്നത്. കാറിൻ്റെ അടിഭാഗത്ത് ഒരിക്കലും കണ്ണിൽപ്പെടാത്ത തരത്തിൽ അതീവ സൂത്രത്തോടെ തയ്യാറാക്കിയ ഒരു മെക്കാനിക്കൽ തന്ത്രമായിരുന്നു പ്രതികൾ പയറ്റിയത്.

കാറിൻ്റെ ചേസിസിനടിയിൽ മൾട്ടി ലെയർ പ്ലാസ്റ്റിക് കവറുകളിൽ മാരക ലഹരി മരുന്നായ എംഡിഎംഎ പാക്ക് ചെയ്ത് അതിന് ഇരുമ്പ് ഭാഗങ്ങളിൽ അതിശക്തമായി ഒട്ടിപിടിച്ചിരിക്കുന്ന നിയോഡീമിയം കാന്തങ്ങൾ ഉപയോഗിച്ച് പ്രത്യേക ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ലഹരിക്കടത്തിന് പിന്നിലെ വൻ ശൃംഖലയെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയതായി ഇരിട്ടി പോലീസ് അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group