Join News @ Iritty Whats App Group

വെള്ളിയാഴ്ച വരെ സിഎംആര്‍എല്ലിനെതിരെ തുടര്‍ നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാര്‍ക്ക് മാത്രം ഉത്തരവ് ബാധകമെന്ന് കൂട്ടിച്ചേര്‍ത്ത് കോടതി; വീണയ്‌ക്കെതിരെ അന്വേഷണം തുടരാം

വെള്ളിയാഴ്ച വരെ സിഎംആര്‍എല്ലിനെതിരെ തുടര്‍ നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാര്‍ക്ക് മാത്രം ഉത്തരവ് ബാധകമെന്ന് കൂട്ടിച്ചേര്‍ത്ത് കോടതി; വീണയ്‌ക്കെതിരെ അന്വേഷണം തുടരാം


സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിനെതിരെയുള്ള സിഎംആര്‍എല്ലിന്റെ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിപറയാനായി മാറ്റി. വെള്ളിയാഴ്ച വരെ സിഎംആര്‍എല്ലിനെതിരെ യാതൊരു വിധത്തിലുള്ള കര്‍ശന നടപടികളും പാടില്ലെന്ന് ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഇഡിക്ക് നിര്‍ദേശം നല്‍കി. ഹര്‍ജിക്കാര്‍ക്ക് മാത്രമേ ഈ ഉത്തരവ് ബാധകമാകൂ എന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ കേസില്‍ സിഎംആര്‍എല്ലിനൊപ്പം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി.വീണയും പ്രതിയാണെങ്കിലും സിഎംആര്‍എല്ലിന്റെ ഹര്‍ജി മാത്രമാണ് കോടതി മുമ്പാകെയുള്ളത്.

അപ്പീലില്‍ അന്തിമ തീരുമാനം എടുക്കുന്നതുവരെ ഹര്‍ജിക്കാര്‍ക്ക് നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, കോടതി നല്‍കിയ ഈ സംരക്ഷണം അപ്പീല്‍ ഹര്‍ജി നല്‍കിയ സിഎംആര്‍എല്‍ കമ്പനിയ്ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതാണ്. കേസിലെ മറ്റു കക്ഷികളായ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന് ഇഡിക്ക് നിലവില്‍ നിയമപരമായ തടസ്സങ്ങളില്ലെന്ന് കോടതി നിരീക്ഷിച്ചു.

വീണാ വിജയന്‍ കോടതിക്ക് മുന്നിലുള്ള കക്ഷിയല്ലാത്തതിനാല്‍ അവര്‍ക്കെതിരെ അന്വേഷണവുമായി മുന്നോട്ടു പോകുമെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു. വീണയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുന്നതും സിഎംആര്‍എല്ലിലെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതും അടക്കമുള്ള നടപടികളുമായി ഇഡി മുന്നോട്ട് പോകും.

ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരുടെ ബെഞ്ച്. അപ്പീലിന്മേല്‍ വെള്ളിയാഴ്ച വിധി പറയാമെന്നും അതുവരെ ഹര്‍ജിക്കാര്‍ക്കെതിരെ നടപടി പാടില്ലെന്നുമാണ് കോടതി നിര്‍ദേശം. ചെയ്യാത്ത സേവനത്തിന് പ്രതിഫലമായി രണ്ടു കോടിയിലധികം രൂപ കൈപ്പറ്റിയതിന് കൃത്യമായ തെളിവുകളുണ്ടെന്നും വളരെ വിപുലമായ മാനങ്ങളുള്ള കേസാണിതെന്നുമാണ് ഇഡി കോടതിയില്‍ വാദിച്ചത്. എന്നാല്‍, ഇഡിക്ക് അന്വേഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രെഡിക്കേറ്റ് ഒഫന്‍സോ കേസില്‍ ഇതുവരെ വെളിവായിട്ടില്ലെന്ന് സിഎംആര്‍എല്‍ കോടതിയില്‍ ആവര്‍ത്തിച്ചു.

എസ്എഫ്‌ഐഒ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡല്‍ഹി ഹൈക്കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമായതിനാല്‍ അതിനെ നിലവില്‍ ഒരു കേസായി പരിഗണിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ പിഎംഎല്‍എ പ്രകാരമുള്ള അന്വേഷണം നിയമവിരുദ്ധമാണെന്നുമാണ് കമ്പനിയുടെ പ്രധാന വാദം. കഴിഞ്ഞ ദിവസങ്ങളില്‍ ബാംഗ്ലൂര്‍ ഉള്‍പ്പെടെ 12 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ ലഭിച്ച നിര്‍ണായക വിവരങ്ങള്‍ ആവശ്യമെങ്കില്‍ ഹൈക്കോടതിക്ക് കൈമാറാന്‍ തയ്യാറാണെന്ന് ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുറപ്പെടുവിക്കുന്ന അന്തിമ വിധി കേസില്‍ നിര്‍ണായകമാകും.

Post a Comment

أحدث أقدم
Join Our Whats App Group