Join News @ Iritty Whats App Group

‘ലഹരിക്കെതിരെ ക്ലാസെടുത്തവർ തന്നെ എംഡിഎംഎ വിൽപനക്കാർ’; അധ്യാപികമാരുടെ അറസ്റ്റിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, കേസ് ഇനി എസ്ഐടി അന്വേഷിക്കും

‘ലഹരിക്കെതിരെ ക്ലാസെടുത്തവർ തന്നെ എംഡിഎംഎ വിൽപനക്കാർ’; അധ്യാപികമാരുടെ അറസ്റ്റിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, കേസ് ഇനി എസ്ഐടി അന്വേഷിക്കും


​കോഴിക്കോട് എംഡിഎംഎ കേസിൽ സമഗ്രശിക്ഷാ കേരളയിലെ (എസ്എസ്കെ) രണ്ട് സ്പെഷ്യൽ എജ്യുക്കേറ്റർമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്. കേസിൽ കൂടുതൽ അധ്യാപകർക്ക് പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. വടകര ഇൻസ്പെക്ടർ എ.വി ദിനേശിനാണ് അന്വേഷണ ചുമതല. ലഹരിക്കെതിരായ ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനകളുടെ ഭാഗമായാണ് വടകര പൊലീസ് രണ്ട് അധ്യാപികമാരെയും അറസ്റ്റ് ചെയ്തത്.

സാധാരണ ലഹരിക്കേസുകൾക്ക് അപ്പുറം ഈ സംഭവത്തിന് പിന്നിൽ വലിയൊരു ശൃംഖലയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ലഹരിയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയെന്നും കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് വ്യക്തമാക്കി. ​എം.ഡി.എം.എയുമായി ബന്ധപ്പെട്ട പണമിടപാട് കേസിലാണ് രണ്ടാമത്തെ അധ്യാപികയായ കൂരാച്ചുണ്ട് ചെറുക്കാട്ട് കെ. കാവ്യ ഇന്നലെ അറസ്റ്റിലായത്.

പേരാമ്പ്ര ബി.ആർ.സിയിൽ സ്പെഷ്യൽ എജ്യുക്കേറ്ററായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. നേരത്തെ അറസ്റ്റിലായ കീർത്തനയുടെ ലഹരി പണമിടപാടുകൾ കാവ്യയുടെ അക്കൗണ്ടിലൂടെയാണ് നടന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിന് പിന്നാലെ കാവ്യയെയും വിദ്യാഭ്യാസ വകുപ്പ് സർവീസിൽ നിന്ന് പുറത്താക്കി. നേരത്തെ ഒന്നാം പ്രതിയായ മരുതോങ്കര സ്വദേശിനി കീർത്തനയെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ​കേസിലെ ഒന്നാം പ്രതിയായ കീർത്തന ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് സൂംബ പരിശീലനം നൽകാൻ കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് പദ്ധതിയുണ്ടായിരുന്നു. ഇതിൽ കുട്ടികൾക്ക് ക്ലാസെടുത്തത് കായികാധ്യാപികയായ ഇതേ കീർത്തനയാണ്. കീർത്തന അറസ്റ്റിലായതിന് പിന്നാലെ കാവ്യയെ അധികൃതർ ചോദ്യം ചെയ്തിരുന്നെങ്കിലും ലഹരി ഇടപാടിൽ തനിക്ക് പങ്കില്ലെന്നായിരുന്നു ഇവർ നൽകിയ മൊഴി. കീർത്തനയുമായി സൗഹൃദം മാത്രമേയുള്ളൂ എന്നായിരുന്നു വാദം.

എന്നാൽ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതോടെ പൊലീസിന് നിർണായക തെളിവുകൾ ലഭിക്കുകയായിരുന്നു. ഇരുവരും ഒന്നിച്ചായിരുന്നു യാത്രകളും യോഗങ്ങളും നടത്തിയിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തേണ്ട അധ്യാപകർ തന്നെ മയക്കുമരുന്ന് കേസിൽ പിടിയിലായ സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം പേരാമ്പ്ര ബി.ആർ.സിയിൽ യൂത്ത് ലീഗും യൂത്ത് കോൺഗ്രസും ഉപരോധ സമരം നടത്തിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group