ഇടവപ്പാതി ചതിച്ചു; പഴശ്ശി ഷട്ടറുകള്‍ അടച്ചു
ജൂണ്‍ മാസത്തില്‍ വെള്ളപ്പൊക്കത്തിന് സമാനമായ മഴ ലഭിച്ച് പുഴകളും തോടുകളും നിറഞ്ഞൊഴുകേണ്ട സമയത്ത് ഇടവപ്പാതിയിലെ മഴക്കുറവ് പഴശ്ശി ജലസംഭരണി പദ്ധതിയെയും ബാധിച്ചു.
മഴ മുന്നില്‍ കണ്ട് ഏതാനും ദിവസം മുമ്പ് തുറന്നിരുന്ന പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ ഇറിഗേഷന്‍ വകുപ്പ് വീണ്ടും അടച്ചു.മഴ മാറിനിന്നതോടെ പദ്ധതിയിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി കുറഞ്ഞതാണ് ഷട്ടറുകള്‍ മുഴുവനായും അടയ്‌ക്കാന്‍ കാരണം.
ജില്ലയിലെ കുടിവെള്ള വിതരണത്തെ സാരമായി ബാധിക്കുന്ന തരത്തില്‍ ജലസംഭരണിയിലെ ജലനിരപ്പ് താഴ്‌ന്നത് വലിയ ആശങ്കയ്‌ക്കിടയാക്കിയിരുന്നു. ഇതോടെയാണ് അധികൃതര്‍ ഷട്ടറുകള്‍ അടച്ച് വീണ്ടും ജലസംഭരണം ആരംഭിച്ചത്. പദ്ധതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ജൂണ്‍ മാസം പാതി പിന്നിട്ടിട്ടും പദ്ധതിയിലേക്കുള്ള നീരൊഴുക്കില്‍ ഇത്രയും വലിയ കുറവ് രേഖപ്പെടുത്തുന്നത്. വളപട്ടണം പുഴയുടെ വൃഷ്‌ടിപ്രദേശങ്ങളിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഈ മാസം നാലിനാണ് പദ്ധതിയിലെ 16 ഷട്ടറുകളില്‍ ആറെണ്ണം തുറന്ന് ജലം ഒഴുക്കാന്‍ തുടങ്ങിയത്. മഴമുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു നടപടി. അന്ന് സംഭരണിയിലെ ജലനിരപ്പ് 21.02 മീറ്ററായിരുന്നു.ജില്ലയിലെ മൂന്നില്‍ രണ്ട് ഭാഗങ്ങളിലേക്കും മാഹിയിലേക്കുമുള്ള കുടിവെള്ള വിതരണം പഴശ്ശി ജലസംഭരണിയെയാണ് ആശ്രയിക്കുന്നത്. ഇതിനായി പത്തിലധികം കുടിവെള്ള പദ്ധതികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സംഭരണിയില്‍ കുറഞ്ഞത് 18 മീറ്റര്‍ വെള്ളമുണ്ടെങ്കില്‍ മാത്രമേ കുടിവെള്ള പദ്ധതികളിലേക്കുള്ള പമ്പിങ് സുഗമമായി നടത്താനാകൂ.
സാധാരണയായി കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ ഷട്ടറുകള്‍ തുറന്നാലും കുടിവെള്ള പദ്ധതികളുടെ പമ്പിങ് സ്‌റ്റേഷനുകളിലേക്ക് ആവശ്യമായ വെള്ളം എത്താറുണ്ട്. എന്നാല്‍ ഇത്തവണ മഴ പൂര്‍ണമായും മാറിനിന്നതോടെ ജലനിരപ്പ് 18 മീറ്ററിലും താഴെയാകുന്ന സാഹചര്യം രൂപപ്പെട്ടു. ഇതോടെയാണ് അടിയന്തരമായി തുറന്നിരുന്ന എല്ലാ ഷട്ടറുകളും അടച്ച് വീണ്ടും ജലസംഭരണം ആരംഭിച്ചത്.ഷട്ടറുകള്‍ അടച്ച് ഒരു പകലും രാത്രിയും പിന്നിട്ടിട്ടും ജലനിരപ്പില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ല.
ചൊവ്വാഴ്‌ച രാവിലെ 11 മണിക്ക് ഷട്ടറുകള്‍ അടയ്‌ക്കുമ്പോള്‍ ജലനിരപ്പ് 18 മീറ്ററായിരുന്നു. ബുധനാഴ്‌ച രാവിലെ 11 മണിയോടെ അത് 18.75 മീറ്ററായി മാത്രമാണ് ഉയര്‍ന്നത്. സാധാരണ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൂര്‍ണ സംഭരണശേഷിയായ 26.52 മീറ്ററിലേക്ക് ജലനിരപ്പ് ഉയരേണ്ടതാണ്. ഇനി ശക്‌തമായ മഴ ലഭിച്ചാല്‍ മാത്രമേ കുടിവെള്ള വിതരണത്തിനാവശ്യമായ ജലം സംഭരിക്കാന്‍ കഴിയൂവെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
إرسال تعليق