കണ്ണൂരില്‍ നേതൃത്വത്തിനെതിരെ അണികള്‍; പിണറായിക്കും ഗോവിന്ദനുമെതിരെ ഫ്ലക്സ്
കണ്ണൂർ: കോളയാട് പഞ്ചായത്തിലെ ഈരായിക്കൊല്ലിയില്‍ പിണറായി വിജയനും എം.വി.ഗോവിന്ദനുമെതിരെ ഫ്ലക്സ് ബോർഡ്. പിണറായി വിജയന്റെയും എം.വി.ഗോവിന്ദന്റെയും ചിത്രത്തില്‍ തെറ്റ് എന്ന് അടയാളപ്പെടുത്തുകയും പാർട്ടിയാണ് വലുത് നേതാക്കളല്ല എന്ന് എഴുതുകയും ചെയ്തിട്ടുണ്ട്. എം. സ്വരാജിന്റെയും പി. ജയരാജന്റെയും ചിത്രം വച്ച് 'ഇനി നയിക്കാൻ ഇവരുണ്ടെങ്കില്‍ ഇവരുടെ കൂടെ ഞങ്ങളുമുണ്ട്' എന്നും എഴുതിയിട്ടുണ്ട്. ചെങ്കോട്ടമുക്ക് ഈരായിക്കൊല്ലി എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.
പാർട്ടിയില്‍ പിണറായിക്കെതിരെയും ഗോവിന്ദനെതിരെയും പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നു എന്ന സൂചനയായാണ് കോളയാട് പഞ്ചായത്തിലെ ഇരായിക്കൊല്ലിയില്‍ ഇന്നലെ രാത്രി ബോർഡ് പ്രത്യക്ഷപ്പെട്ടത്. മലയോരത്തെ സിപിഎം കോട്ടയെന്ന് അറിയപ്പെടുന്ന പ്രദേശമാണ് ഈരായിക്കൊല്ലി. തിരുത്തല്‍ നടപടികള്‍ ആവശ്യമാണെന്ന് അറിയിച്ച് പി. ജയരാജൻ ഉള്‍പ്പെടെയുള്ള നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
കമ്യൂണിസ്റ്റുകാർ പാർലമെന്ററി വ്യവസ്ഥയില്‍ ഏർപ്പെടുമ്പോള്‍ പലതരം ജീർണതകളും കടന്നുവരുമെന്ന് ജയരാജൻ ഫെയ്സ്ബുക്കില്‍ കുറിച്ചു. അത്തരം ജീർണതകള്‍ ചർച്ച ചെയ്ത് തിരുത്താതിരുന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പാർട്ടിയെക്കുറിച്ചുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ക്കും. മൂർത്തമായ അത്തരം പ്രശ്നങ്ങള്‍ പരിശോധിക്കാതെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മുന്നോട്ടുപോകാനാവില്ല. അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്തഃസത്ത ഉയർത്തിപ്പിടിച്ചുകൊണ്ട് നമുക്ക് മുന്നോട്ട് പോകാമെന്നും ജയരാജൻ പറഞ്ഞു.
സിപിഎമ്മിന്റെ കോട്ടയായ കണ്ണൂർ ജില്ലയിലുള്‍പ്പെടെ വലിയ തിരിച്ചടിയാണ് പാർട്ടിക്ക് നേരിടേണ്ടി വന്നത്. നേതൃത്വത്തിനെതിരെ അണികള്‍ക്കിടയില്‍ വലിയ അമർഷം ഉയർന്ന സാഹചര്യത്തിലാണ് തിരുത്തല്‍ നടപടികള്‍ വേണമെന്ന ആവശ്യവുമായി പി. ജയരാജൻ രംഗത്തെത്തിയത്.
Post a Comment