' പരാജയത്തിന്റെ ഉത്തരവാദിത്തം പിണറായി വിജയനില്‍ കെട്ടിവയ്ക്കാനാകില്ല'; കോണ്‍ഗ്രസ് തരംഗത്തില്‍ ഇടതുപക്ഷ വോട്ടുകള്‍ നഷ്ടമായെന്ന് വി കെ സനോജ്
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം പിണറായി വിജയനില്‍ കെട്ടിവയ്ക്കാൻ ആകില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.
തിരഞ്ഞെടുപ്പിലേത് അപ്രതീക്ഷിത തിരിച്ചടിയാണെന്ന് പറഞ്ഞ സനോജ് നിലവിലെ സാഹചര്യത്തെ അതിജീവിക്കുമെന്നും വ്യക്തമാക്കി. കണ്ണൂർ ജില്ലയില്‍ വിമതർ ജയിച്ചത് കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി തകരില്ല. കോണ്‍ഗ്രസ് തരംഗത്തില്‍ ഇടതുപക്ഷ വോട്ടുകള്‍ നഷ്ടമായി. മട്ടന്നൂരില്‍ വോട്ട് കുറഞ്ഞത് യുഡിഎഫ് തരംഗത്തിലാണെന്നും സനോജ് പറഞ്ഞു.
പയ്യന്നൂരിലും തളിപ്പറമ്പിലും സംഘടനയിലെ പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നും സനോജ് പറഞ്ഞു. വ്യക്തികേന്ദ്രീകൃത പ്രചാരണം തിരിച്ചടി ഉണ്ടാക്കി എന്ന വാദം പിണറായി വിജയനെ ലക്ഷ്യമിട്ടാണ്. പുതിയ സർക്കാർ ജനവിരുദ്ധ നയങ്ങള്‍ സ്വീകരിച്ചാല്‍ ഡിവൈഎഫ്‌ഐ സമരരംഗത്ത് ഉണ്ടാകുമെന്നും വി കെ സനോജ് വ്യക്തമാക്കി.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ മട്ടന്നൂർ നിയോജക മണ്ഡലത്തില്‍ വിജയിച്ചതോടെ വി കെ സനോജ് ഇനി നിയമസഭയിലെത്തും. കന്നിയങ്കത്തില്‍ 14168 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എല്‍ഡിഎഫ് യുവ നേതാവിന്റെ വിജയം. വി കെ സനോജ് 81456 വോട്ടുകളും പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചന്ദ്രൻ തില്ലങ്കേരി 67288 വോട്ടുകളും എൻഡിഎയുടെ ബിജു ഇളക്കുഴി 17815 വോട്ടുകളും നേടി.
Post a Comment