അബ്ദുള്‍ റഹീം ജയില്‍മോചിതനായി; ഉടൻ നാട്ടിലേക്ക്
കോഴിക്കോട്: സൗദി അറേബ്യയിലെ ജയിലിൽ 20 വർഷത്തോളം തടവിലായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീം ജയില്‍മോചിതനായി. മോചനത്തിനായുള്ള എക്സിറ്റ് ഉത്തരവ് പുറത്തിറങ്ങി. സൗദി ഭരണകൂടം റഹീമിന്റെ എക്സിറ്റ് വീസയില്‍ ഒപ്പുവച്ചു.
യാത്രയ്ക്കായി ഇന്ത്യന്‍ എംബസി അനുവദിച്ച താത്കാലിക പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് എക്സിറ്റിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നത്. വലിയ പെരുന്നാൾ അവധിയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ ഒഴിവായാല്‍ ഇന്നോ നാളെയോ റഹീമിന് നാട്ടിലേക്കു മടങ്ങാനാകുമെന്നാണ് ആക്ഷൻ കൗൺസിൽ പ്രതീക്ഷിക്കുന്നത്.
20 വർഷത്തിനുശേഷമാണ് റഹീമിന്റെ മോചനം സാധ്യമാകുന്നത്.15 വയസുകാരനായ സൗദി ബാലന് അനസ് അൽ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണു റഹീമിനു വധശിക്ഷ ലഭിച്ചത്.
റിയാദ് ക്രിമിനൽ കോടതിയിൽ സൗദി ബാലന്റെ കുടുംബം മാപ്പ് നൽകാൻ സന്നദ്ധത അറിയിച്ചതിനെത്തുടർന്നാണ് റഹീമിന് മോചനം ലഭിച്ചത്.
34.35 കോടി രൂപ ദയാധനം സ്വീകരിച്ചാണ് കുടുംബം മാപ്പു നൽകിയത്. ഈ വലിയ തുക ജനകീയ കാംപയിനിലൂടെയാണു സമാഹരിച്ചത്. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കിയെങ്കിലും മറ്റ് വകുപ്പുകളിൽ 20 വർഷം തടവ് ശിക്ഷയായിരുന്നു വിധി.
Post a Comment