‘ഇഡി സർക്കാരിന്റെ സൈന്യമല്ല, ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കണം; പിണറായി വിജയനെതിരായ നടപടിയിൽ പ്രതികരിച്ച് മഹുവ മൊയിത്ര
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിൽ ഇഡി നടത്തിയ റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്ര. ഇഡിയുടെ നടപടി പ്രതിപക്ഷ നേതാക്കൾക്ക് എതിരെ മാത്രമാണെന്ന് മഹുവ മൊയ്ത്ര പറഞ്ഞു. ഇഡി സർക്കാരിന്റെ സൈന്യമല്ലെന്നും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കണമെന്നും അവർ പറഞ്ഞു.
‘എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോൾ പിണറായി വിജയന് നേരെ തിരിഞ്ഞിരിക്കുന്നത് നാണക്കേടാണ്. എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാക്കൾ മാത്രം എല്ലാ റെയ്ഡുകൾക്കും അന്വേഷണങ്ങൾക്കും വിധേയരാകുന്നത്? എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, ഞങ്ങളുടെ നികുതിപ്പണം കൊണ്ടാണ് നിങ്ങൾ പ്രവർത്തിക്കുന്നത്. നിങ്ങൾ സർക്കാരിന്റെ സ്വകാര്യ സൈന്യമല്ലെന്ന് ദയവായി ഓർക്കുക’ എന്നും മഹുവ മൊയ്ത്ര പറഞ്ഞു.
അതേസമയം, മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളടക്കം 12 ഇടങ്ങളിലാണ് ഇഡി സംഘം റെയ്ഡ് നടത്തിയത്. കോഴിക്കോട് മുൻ മന്ത്രി മുഹമ്മദ് റിയാസിൻ്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തി.
Post a Comment