Join News @ Iritty Whats App Group

മൂന്നുപേരും പുലികള്‍, പക്ഷേ വിധി സോണിയാ ഗാന്ധിയുടെ കയ്യില്‍! സതീശനും കെ.സിയും ചെന്നിത്തലയും മെറിറ്റുള്ളവര്‍; ഡല്‍ഹിയിലെ മാരത്തണ്‍ ചര്‍ച്ചയില്‍ രാഹുലിന്റെ സര്‍ട്ടിഫിക്കറ്റ്; തെരുവ് യുദ്ധം നിര്‍ത്തിയാല്‍ മാത്രം പ്രഖ്യാപനം; മൂവരില്‍ ആരാകും മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുക? സസ്പന്‍സ് വിടാതെ ക്ലൈമാക്‌സ് നീട്ടി ഹൈക്കമാന്‍ഡ്

മൂന്നുപേരും പുലികള്‍, പക്ഷേ വിധി സോണിയാ ഗാന്ധിയുടെ കയ്യില്‍! സതീശനും കെ.സിയും ചെന്നിത്തലയും മെറിറ്റുള്ളവര്‍; ഡല്‍ഹിയിലെ മാരത്തണ്‍ ചര്‍ച്ചയില്‍ രാഹുലിന്റെ സര്‍ട്ടിഫിക്കറ്റ്; തെരുവ് യുദ്ധം നിര്‍ത്തിയാല്‍ മാത്രം പ്രഖ്യാപനം; മൂവരില്‍ ആരാകും മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുക? സസ്പന്‍സ് വിടാതെ ക്ലൈമാക്‌സ് നീട്ടി ഹൈക്കമാന്‍ഡ്


ന്യൂഡല്‍ഹി: സംസ്ഥാനത്തെ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വക കടുത്ത 'ഷോക്ക് ട്രീറ്റ്‌മെന്റ്'.

ആര് മുഖ്യമന്ത്രിയാകുമെന്ന് ഉറ്റുനോക്കിയ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തല്‍ക്കാലം നിരാശ മാത്രം. മൂന്ന് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലും മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കാതെ ഹൈക്കമാന്‍ഡ് കൈ മലര്‍ത്തി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോണിയാ ഗാന്ധിയുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കുമെന്ന കര്‍ശന നിലപാടിലാണ് രാഹുല്‍ ഗാന്ധി.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന നിര്‍ണ്ണായക യോഗം കേരളത്തിലെ നേതാക്കളുടെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നീ മൂന്ന് പേരും മുഖ്യമന്ത്രി പദവിക്ക് അര്‍ഹരാണെന്ന് രാഹുല്‍ സമ്മതിക്കുന്നുണ്ടെങ്കിലും, മെറിറ്റും സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങളും പരിഗണിച്ചേ അന്തിമ തീരുമാനം എടുക്കൂ. എന്നാല്‍ യോഗത്തിനിടെ കേരളത്തിലെ നേതാക്കള്‍ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ രൂക്ഷവിമര്‍ശനമാണ് ഇപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളിലെ ചര്‍ച്ചാവിഷയം.

രാഹുലിന്റെ രൂക്ഷ വിമര്‍ശനം; വിറച്ച്‌ നേതാക്കള്‍

കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി നടത്തുന്ന 'തെരുവ് യുദ്ധം' ഹൈക്കമാന്‍ഡിനെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. കെപിസിസി ഓഫീസിന് മുന്നിലും സെക്രട്ടേറിയറ്റ് പരിസരത്തും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച്‌ ശക്തിപ്രകടനം നടത്തുന്നതിനെതിരെ രാഹുല്‍ ആഞ്ഞടിച്ചു. നേതാക്കളുടെ ഓരോ നീക്കവും നിരീക്ഷിക്കുന്നുണ്ടെന്നും, ഇത്തരം ശക്തിപ്രകടനങ്ങള്‍ തുടര്‍ന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി അസന്ദിഗ്ധമായി വ്യക്തമാക്കി. ഹൈക്കമാന്‍ഡ് ഒന്നടങ്കം നേതാക്കളുടെ ഈ ഗ്രൂപ്പ് കളിയില്‍ അതൃപ്തി പ്രകടിപ്പിച്ചു.

രാഹുല്‍ ഗാന്ധിയുടെ കടുത്ത നിലപാടിന് പിന്നാലെ ഡല്‍ഹിയില്‍ വെച്ച്‌ തന്നെ നേതാക്കള്‍ തങ്ങളുടെ അടവുനയം മാറ്റി. കെ.സി. വേണുഗോപാലും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഒന്നിച്ച്‌ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. പ്രവര്‍ത്തകര്‍ ആര്‍ക്ക് വേണ്ടിയും പ്രകടനങ്ങള്‍ നടത്തരുതെന്നും അനാവശ്യമായ ഇത്തരം നടപടികള്‍ സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേദനിപ്പിക്കുമെന്നും ഇവര്‍ക്ക് ഒരേ സ്വരത്തില്‍ പറയേണ്ടി വന്നു.

ചര്‍ച്ചകള്‍ പൂര്‍ത്തിയായി; ഇനി പന്ത് ഹൈക്കമാന്‍ഡിന്റെ കോര്‍ട്ടില്‍

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുകയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ്മുന്‍ഷി അറിയിച്ചു. വി.ഡി. സതീശനും സണ്ണി ജോസഫും ഇതിനോടകം കേരളത്തിലേക്ക് മടങ്ങി. രമേശ് ചെന്നിത്തല നാളെ പുലര്‍ച്ചെ മടങ്ങും. ഹൈക്കമാന്‍ഡ് കൈക്കൊള്ളുന്ന ഏത് തീരുമാനവും ഒറ്റക്കെട്ടായി അംഗീകരിക്കുമെന്ന് ഈ നേതാക്കളെല്ലാം വ്യക്തമാക്കുന്നുണ്ടെങ്കിലും ഉള്ളില്‍ ഗ്രൂപ്പ് പോര് പുകയുന്നുണ്ടെന്ന് വ്യക്തം.

അപ്രത്യക്ഷമായ ഫ്‌ലക്‌സുകള്‍; തലസ്ഥാനം ശാന്തം

ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ ശകാരം കിട്ടിയതോടെ കേരളത്തില്‍ ഫ്‌ലക്‌സ് യുദ്ധത്തിന് പെട്ടെന്ന് വിരാമമായി. നേതാക്കളുടെ നിര്‍ദ്ദേശമെത്തിയ ഉടന്‍ തന്നെ അനുകൂലികള്‍ രാത്രിയോടെ തന്നെ ഫ്‌ലക്‌സുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങി. കെപിസിസി ഓഫീസിന് മുന്നിലെ കെ.സി. വേണുഗോപാലിന്റെ കൂറ്റന്‍ ഫ്‌ലക്‌സാണ് കെ.സി. പക്ഷക്കാര്‍ തന്നെ ആദ്യം നീക്കിയത്. പിന്നാലെ വെള്ളയമ്പലത്തും സെക്രട്ടേറിയറ്റിന് മുന്നിലും സ്ഥാപിച്ചിരുന്ന വി.ഡി. സതീശന്റെയും ചെന്നിത്തലയുടെയും ബോര്‍ഡുകള്‍ വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോയി.

മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള ഈ 'മ്യൂസിക്കല്‍ ചെയര്‍' കളിയില്‍ ആര് വിജയിക്കുമെന്ന് അറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ കൂടി കാത്തിരിക്കേണ്ടി വരും. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്ന ആ പേര് കേരളത്തിലെ കോണ്‍ഗ്രസില്‍ പുതിയൊരു കൊടുങ്കാറ്റിന് തുടക്കമിടുമോ അതോ എല്ലാവരും ഒതുങ്ങിക്കൂടുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കുന്നത്. എന്തായാലും ഡല്‍ഹിയിലെ 'ക്ലാസ്' നേതാക്കള്‍ക്ക് നന്നായി കൊണ്ടിട്ടുണ്ടെന്ന് ഉറപ്പ്!

Post a Comment

أحدث أقدم
Join Our Whats App Group