മുറി വാടക 100 രൂപ, ഇന്ധനം നിറയ്ക്കാൻ 4 ലക്ഷം രൂപ വരെ, ചികിത്സാ ചെലവ് സര്‍ക്കാര്‍ വക, എംഎല്‍എയ്ക്ക് ലഭിക്കുന്ന അലവൻസും ആനുകൂല്യങ്ങളും ഇങ്ങനെ
തിരുവനന്തപുരം: കേരളത്തില്‍ ഒരു എംഎല്‍എയ്ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്നും പ്രതിമാസം എത്രരൂപ എംഎല്‍എയ്ക്ക് സർക്കാർ നല്‍കുന്നുണ്ടെന്നുമൊക്കെ പൊതുജനങ്ങള്‍ക്ക് അറിയാൻ കൗതുകമുള്ള കാര്യമാണ്.
കണക്കുകള്‍ നോക്കുമ്പോള്‍ ശമ്പളം എന്ന പേരില്‍ നല്‍കുന്ന ഫിക്സഡ് അലവൻസ് നിലവില്‍ രണ്ടായിരം രൂപയാണ്. എന്നാല്‍ മറ്റ് അലവൻസുകള്‍ വേറെയുമുണ്ട്. നിയോജക മണ്ഡല അലവൻസായി 25000 രൂപ ലഭിക്കും. ഫോണ്‍ വാടകയിനത്തില്‍ അനുവദിച്ചിരിക്കുന്നത് 11,000 രൂപയാണ്. ഇൻഫർമേഷൻ അലവൻസ് നാലായിരം രൂപയും സല്‍കാരത്തിനും മറ്റുമുളള അലവൻസ് എണ്ണായിരം രൂപയും ലഭിക്കും. ഇരുപതിനായിരം രൂപ കുറഞ്ഞത് യാത്രാബത്തയായി കിട്ടും. അങ്ങനെ ആകെ അലവൻസ് ഒരു എംഎല്‍എയ്ക്ക് പ്രതിമാസം കിട്ടുന്നത് 70,000 രൂപയാണ്.
എംഎല്‍എ ഹോസ്റ്റല്‍ മുറി വാടകയായി അൻപത് രൂപയാണ് പ്രതിമാസം ഈടാക്കുന്നത്. പുതിയ എംഎല്‍എ ഹോസ്റ്റല്‍ കെട്ടിടത്തിലാണ് മുറിയെങ്കില്‍ പ്രതിമാസം നൂറ് രൂപയാണ് വാടക. യാത്രാ ബത്തയും ഡിഎയും വേറെ. റോഡ് യാത്രക്ക് കേരളത്തിലും പുറത്തും കിലോമീറ്ററിന് പത്ത് രൂപയാണ് എംഎല്‍എമാരില്‍ നിന്ന് ഈടാക്കുന്നത്. ട്രെയിനില്‍ ഫസ്റ്റ് ക്ലാസ് എസി ടിക്കറ്റ് നിരക്കിനൊപ്പം കിലോമീറ്ററിന് 25 പൈസ വീതവും ലഭിക്കും. റോഡ്,റെയില്‍ യാത്രകള്‍ക്ക് ദൂരപരിധിയില്ല. വാഹനത്തില്‍ ഇന്ധനം നിറയ്ക്കാനും ട്രെയിൻ യാത്രാ കൂപ്പണ്‍ ഇനത്തിലുമായി പ്രതിവർഷം നാല് ലക്ഷം രൂപ വരെ അനുവദിക്കും. യോഗങ്ങളില്‍ പങ്കെടുക്കാൻ വിമാനയാത്രാക്കൂലി പ്രതിവർഷം 50,000 രൂപ വരെ ലഭിക്കും.
നിയമസഭാ സമ്മേളനം ഉള്‍പ്പെടെ ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കാൻ പ്രതിദിനം ആയിരം രൂപയാണ് അലവൻസ്. കേരളത്തിന് പുറത്താണെങ്കില്‍ പ്രതിദിനം 1200 രൂപലഭിക്കും. കെഎസ്‌ആർടിസി ബസിലും ബോട്ടിലുമെല്ലാം യാത്ര എംഎല്‍എയ്ക്ക് സൗജന്യമാണ്. ചികിത്സാച്ചെലവ് സർക്കാർ നല്‍കും. പത്ത് ലക്ഷം രൂപ വരെ പലിശരഹിത വാഹന വായ്പ കിട്ടും. ഭവന വായ്പ അഡ്വാൻസ് 20 ലക്ഷം വരെ അനുവദിക്കും. പുസ്തകങ്ങള്‍ വാങ്ങാൻ പ്രതിവർഷം പതിനയ്യായിരം രൂപ ഒരു എംഎല്‍എയ്ക്ക് നല്‍കുന്നുണ്ട്. അപകട ഇൻഷുറൻസ് ഇരുപത് ലക്ഷം രൂപ വരെ സർക്കാർ ചെലവില്‍ നല്‍കും. അണ്ടർ സെക്രട്ടറി റാങ്ക് വരെയുളള ഒരു ഉദ്യോഗസ്ഥന്‍റെ സേവനം ലഭ്യമാകും. 20000 രൂപ സ്റ്റാഫ് അലവൻസായി ഇതിന് അനുവദിക്കും.
നിയമസഭാ സാമാജികർക്ക് പെൻഷനുമുണ്ട്. അഞ്ച് വർഷം കാലാവധി തികച്ച ഒരംഗത്തിന് പ്രതിമാസം 20,000 രൂപയാണ് പെൻഷൻ. നാല് വർഷമാണ് എംഎല്‍എ ആയിരുന്നതെങ്കില്‍ 16,000 മൂന്ന് വർഷമെങ്കില്‍ 12,000. രണ്ടോ അതില്‍ താഴെയോ എങ്കില്‍ പ്രതിമാസം എണ്ണായിരം രൂപ പെൻഷൻ ലഭിക്കും. അഞ്ചിലധികം വർഷം എംഎല്‍എ ആയിരുന്നവർക്ക് പ്രതിമാസം ആയിരം രൂപ, ഓരോ വർഷത്തിനും അധികമായി കിട്ടും. പക്ഷേ പരമാവധി പെൻഷൻ അൻപതിനായിരം രൂപയാണ് ഒരു മുൻ എംഎല്‍എയ്ക്ക് ലഭിക്കുക. യാത്രാച്ചെലവുകള്‍ക്കായി പ്രതിവർഷം പരമാവധി ഒരു ലക്ഷം രൂപ മുൻ എംഎല്‍എമാർക്ക് അനുവദിക്കും.
Post a Comment