ക്രൂശിതനായ യേശുക്രിസ്തുവിന്‍റെ പ്രതിമ തകർത്ത് താഴെയിടുന്ന ഇസ്രയേൽ സൈനികൻ; ചിത്രം യഥാർത്ഥമെന്ന് സ്ഥിരീകരണം, ലോകമെങ്ങും പ്രതിഷേധം
ബെയ്റൂട്ട്: ദക്ഷിണ ലെബനനിലെ ക്രിസ്ത്യൻ ഗ്രാമമായ ദെബലിൽ ഇസ്രായേൽ സൈനികൻ യേശുക്രിസ്തുവിന്‍റെ പ്രതിമ തകർക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. പലസ്തീൻ മാധ്യമപ്രവർത്തകനായ യൂനിസ് തിരവിയാണ് തന്‍റെ എക്സ് അക്കൗണ്ടിലൂടെ ഈ ചിത്രം പുറത്തുവിട്ടത്. സംഭവം വിവാദമായതോടെ, ചിത്രം യഥാർത്ഥമാണെന്നും തങ്ങളുടെ സൈനികനാണ് ഇതിന് പിന്നിലെന്നും ഇസ്രായേൽ പ്രതിരോധ സേന ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പ്രതിമ തകർക്കുന്നതിന് മുൻപുള്ള ചിത്രവും തകർത്ത ശേഷമുള്ള ചിത്രവും തിരവി പങ്കുവെച്ചിട്ടുണ്ട്. "പിതാവേ, ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയുന്നില്ല; ഇവരോട് ക്ഷമിക്കണമേ" എന്ന ബൈബിൾ വാചകത്തോടെയാണ് (ലൂക്കോസ് 23:34) ഈ ചിത്രം പ്രചരിക്കുന്നത്. മതചിഹ്നങ്ങളെ അവഹേളിക്കുന്ന സൈനികന്‍റെ നടപടിക്കെതിരെ ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഇത് തികച്ചും അനാദരവാണെന്നും മനുഷ്യത്വരഹിതമാണെന്നും പലരും കുറിച്ചു.
തുടക്കത്തിൽ ചിത്രത്തിന്‍റെ ആധികാരികത പരിശോധിക്കുകയാണെന്ന് പറഞ്ഞ ഐഡിഎഫ് വക്താവ് ലെഫ്റ്റനന്‍റ് കേണൽ നദവ് ഷോഷാനി, പിന്നീട് ചിത്രം സത്യമാണെന്ന് സമ്മതിച്ചു. സൈനികന്‍റെ നടപടി ഇസ്രായേൽ സൈന്യത്തിന്‍റെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും അതീവ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നതെന്നും ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ നോർത്തേൺ കമാൻഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാരനായ സൈനികനെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
ഹിസ്ബുള്ളയുടെ താവളങ്ങൾ തകർക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും മതചിഹ്നങ്ങളോ ആരാധനാലയങ്ങളോ തകർക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇസ്രായേൽ ആവർത്തിച്ചു. തകർന്ന പ്രതിമ പുനഃസ്ഥാപിക്കാൻ പ്രാദേശിക സമൂഹത്തെ സഹായിക്കുമെന്നും ഐഡിഎഫ് അറിയിച്ചിട്ടുണ്ട്. എങ്കിലും, ഈ സംഭവം മേഖലയിൽ വലിയ നയതന്ത്ര സമ്മർദ്ദത്തിനും മതപരമായ വികാരങ്ങൾ വ്രണപ്പെടാനും കാരണമായിട്ടുണ്ട്
إرسال تعليق