കാന്റീനിൽ നിന്ന് കഴിച്ചത് ഇഡലിയും വടയും ചോറും സാമ്പാറും; പിന്നാലെ ഭക്ഷ്യവിഷബാധ, ബെംഗളൂരുവിൽ 97 പേർ ആശുപത്രിയിൽ
ബെംഗളൂരു: ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർക്ക് ഭക്ഷ്യവിഷബാധയേറ്റു. നോർത്ത് ബെംഗളൂരു ദേവനഹള്ളിയിലുള്ള കമ്പനിയിലെ ജീവനക്കാരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ കാന്റീനിൽ നിന്ന് ഇഡ്ഡലിയും വടയും, ഉച്ചയ്ക്ക് ചോറും സാമ്പാറുമാണ് ഇവർ കഴിച്ചത്. വൈകുന്നേരത്തോടെ പലർക്കും വയറിളക്കവും ഛർദ്ദിയും വയറുവേദനയും തുടങ്ങി. ബുധനാഴ്ച രാവിലെയോടെ കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതായാണ് റിപ്പോര്‍ട്ട്.
രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ച ജീവനക്കാർക്ക് ഡ്രിപ്പ് നൽകി. സംഭവത്തിൽ ആർക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ബെംഗളൂരു റൂറൽ ഡിസ്ട്രിക്ട് ഹെൽത്ത് ഓഫീസർ ഡോ. കൃഷ്ണ റെഡ്ഡി അറിയിച്ചു. കാന്റീനിലുണ്ടായിരുന്ന ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വരാനിരിക്കുന്നതേയുള്ളൂ.
ഭക്ഷ്യവിഷബാധയാണോ എന്ന് കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കാന്റീനിലെ ഭക്ഷണം തയ്യാറാക്കുന്ന രീതി, സൂക്ഷിക്കുന്ന സൗകര്യങ്ങൾ, ശുചിത്വം എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്. സാധാരണയായി കാന്റീനിൽ നിന്ന് കഴിക്കുന്ന ഭക്ഷണമാണിതെന്നാണ് ജീവനക്കാർ പറയുന്നത്. എന്നാൽ, ഇഡ്ഡലി മാവ് പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ, പ്രത്യേകിച്ച് ചൂടുകാലത്ത്, എളുപ്പത്തിൽ കേടുവരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ബാക്ടീരിയയുടെ സാന്നിധ്യമോ മറ്റ് കാരണങ്ങളോ ആണോ അസുഖത്തിന് പിന്നിലെന്ന് കണ്ടെത്താൻ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതർ. അസുഖത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ബെംഗളൂരുവിലെ പച്ചക്കറികളിൽ വലിയ തോതിൽ വിഷാംശം കണ്ടെത്തിയെന്ന സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (CPCB) റിപ്പോർട്ട് പുറത്തുവന്ന് മാസങ്ങൾക്കകമാണ് ഈ സംഭവം. ഇതോടെ നഗരത്തിലെ ഭക്ഷ്യസുരക്ഷ വീണ്ടും വലിയ ചർച്ചയായിരിക്കുകയാണ്.
إرسال تعليق