Join News @ Iritty Whats App Group

വനിതാ ബൂത്ത് ഏജന്‍റുമാർക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി; പേരാവൂരിലും ഉദിനൂരിലും പരാതിയുമായി കോണ്‍ഗ്രസ്

വനിതാ ബൂത്ത് ഏജന്‍റുമാർക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി; പേരാവൂരിലും ഉദിനൂരിലും പരാതിയുമായി കോണ്‍ഗ്രസ്


കണ്ണൂർ: യുഡിഎഫ് വനിതാ ബൂത്ത് ഏജന്റിനെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി. പേരാവൂരിലെ മുഴക്കുന്ന് യുപി സ്കൂളിലെ യുഡിഎഫ് ഏജന്‍റ് സജിതാ മോഹന്‍റെ ദേഹത്തേക്ക് നായ്ക്കുരണ പൊടി വിതറി എന്നാണ് പരാതി. യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് കർശന നടപടി ആവശ്യപ്പെട്ടു. കാസർകോട് ഉദിനൂരിലും സമാന സംഭവം റിപ്പോർട്ട് ചെയ്തു. ബൂത്ത്‌ 154 ലെ യുഡിഎഫ് വനിതാ ഏജന്‍റാണ് പരാതി ഉന്നയിച്ചത്. കള്ളവോട്ട് ചോദ്യം ചെയ്തപ്പോഴാണ് എൽഡിഎഫ് ആക്രമണമെന്ന് യുഡിഎഫ് പറയുന്നു. അതിനിടെ തളിപ്പറമ്പിൽ 165ആം ബൂത്തിലെ ബിജെപിയുടെ ബൂത്ത് ഏജന്‍റിനെ സിപിഎം പ്രവർത്തകർ മർദിച്ചതായും പരാതി ഉയർന്നു.

പയ്യന്നൂരിൽ കളളവോട്ട് നടന്നതായി യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന വി കുഞ്ഞികൃഷ്ണൻ ആരോപിച്ചു. വ്യാജ ഐഡന്റിറ്റി കാർഡ് ഉപയോഗിക്കുന്നെന്ന് നേരത്തെ പരാതി നൽകിയിരുന്നുവെന്നും ഉച്ചക്ക് ശേഷം വ്യാപകമായി കള്ളവോട്ട് നടന്നെന്നുമാണ് കുഞ്ഞികൃഷ്ണൻ പറയുന്നത്. കള്ളവോട്ട് ചലഞ്ച് ചെയ്തവർക്കെതിരെ ബൂത്തിൽ കയറി പ്രശ്നം ഉണ്ടാക്കി. പ്രിസൈഡിങ് ഓഫീസർമാർ ഇത്. പരിശോധിച്ചില്ല. കണ്ടോത്ത് സ്കൂളിൽ സഹകരണ ബാങ്ക് ജീവനക്കാരന്റെ ഭാര്യ കള്ളവോട്ട് ചെയ്യാൻ എത്തി. ഇവരെ പ്രിസൈഡിങ് ഓഫീസർ ഓടി രക്ഷപ്പെടാൻ അനുവദിച്ചെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു.

അതേസമയം കള്ളവോട്ട് ആരോപണങ്ങൾ മാധ്യമങ്ങൾ ഉണ്ടാക്കുന്ന പ്രശ്നമാണെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി മധുസൂദനന്‍റെ ആരോപണം. ഒരു നാടിനെ അപമാനിക്കുകയാണ്. മാനസിക വിഭ്രാന്തി ബാധിച്ച് പലതും വിളിച്ച് പറയുകയാണ് വി കുഞ്ഞികൃഷ്ണൻ. 'കള്ളവോട്ട് ചെയ്യുകയാണോ ഞങ്ങളുടെ പണിയെന്നും പയ്യന്നൂർ ഞങ്ങളുടെ ശക്തികേന്ദ്രമാണെ'ന്നും മധുസൂദനൻ അവകാശപ്പെട്ടു.

Post a Comment

أحدث أقدم
Join Our Whats App Group