രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്തുകയോ കേന്ദ്ര ഏജൻസിക്ക് കൈമാറുകയോ ചെയ്യണം
ദില്ലി:ലോക്‌സഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്റെ ഉത്തരവ്. അന്വേഷണം സ്വയം നടത്തുകയോ അല്ലെങ്കിൽ വിഷയം ഒരു കേന്ദ്ര ഏജൻസിക്ക് കൈമാറുകയോ ചെയ്യണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് നിർദേശിച്ചു. കേസിന്റെ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ നിർദേശം. രാഹുൽ ഗാന്ധിയുടെ പൗരത്വ തർക്ക കേസ് പരിഗണിക്കുന്നതിനിടെ, കേസിൽ കേന്ദ്ര സർക്കാരിനെ ഒരു കക്ഷിയാക്കാൻ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് ഹർജിക്കാരനോട് ആവശ്യപ്പെട്ടിരുന്നു.
പിന്നീട്, വ്യാഴാഴ്ച വാദം കേൾക്കൽ ആരംഭിച്ചയുടൻ, ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ലഭിച്ച രേഖകൾ വളരെ രഹസ്യ സ്വഭാവമുള്ളതിനാൽ തുറന്ന കോടതിയിൽ വാദം കേൾക്കരുതെന്ന് കേന്ദ്രത്തെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ എസ്.ബി. പാണ്ഡെ കോടതിയോട് അഭ്യർത്ഥിച്ചു. ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷം, ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി വിവേക് മിശ്രയും അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ പ്രണവ് റായിയും ബന്ധപ്പെട്ട രേഖകളുമായി കോടതിയിൽ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. കോടതി രേഖകൾ പരിശോധിച്ച് അണ്ടർസെക്രട്ടറിക്ക് തിരികെ നൽകി, കേസിൽ കേന്ദ്ര സർക്കാരിനെ കക്ഷി ചേർക്കാൻ ഹർജിക്കാരനായ എസ് വിഘ്നേഷ് ശിശിറിന് അനുമതി നൽകി.
ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന തന്റെ അപേക്ഷ തള്ളിയ ലഖ്‌നൗവിലെ പ്രത്യേക എംപി/എംഎൽഎ കോടതിയുടെ 2026 ജനുവരി 28 ലെ ഉത്തരവിനെ ചോദ്യം ചെയ്ത് കർണാടകയിൽ നിന്നുള്ള ബിജെപി പ്രവർത്തകനായ എസ് വിഘ്‌നേഷ് ശിശിർ ആണ് ഹർജി സമർപ്പിച്ചത്. രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉണ്ടെന്ന് അദ്ദേഹം ആരോപിക്കുകയും രാഹുൽ ബ്രിട്ടീഷ് പൗരനാണെന്ന് സൂചിപ്പിക്കുന്ന യുകെ സർക്കാരിന്റെ രേഖകളും രഹസ്യ ഇമെയിലുകളും തന്റെ കൈവശമുണ്ടെന്ന് ശിശിർ അവകാശപ്പെടുകയും ചെയ്തിരുന്നു. രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
إرسال تعليق