Join News @ Iritty Whats App Group

ഇരിട്ടി അഗ്നിരക്ഷാ സേനയ്‌ക്ക് ദുരിതമായി പഴയ കെട്ടിടം

ഇരിട്ടി അഗ്നിരക്ഷാ സേനയ്‌ക്ക് ദുരിതമായി പഴയ കെട്ടിടം


ട്ടന്നൂര്‍: ദുരന്തമുഖങ്ങളില്‍ ആദ്യം ഓടിയെത്തി ജനങ്ങളുടെ ജീവനും സ്വത്തിനും കാവലൊരുക്കുന്ന ഇരിട്ടി അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്‌ഥര്‍ സ്വന്തം ജോലിസ്‌ഥലത്ത്‌ തന്നെ ദുരിതജീവിതം നയിക്കുകയാണ്‌.

ആസ്‌ബസ്‌റ്റോസ്‌ ഷീറ്റ്‌ വിരിച്ച ഒറ്റനിലക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നിലയത്തിന്‌ ആറ്‌ പതിറ്റാണ്ടിലേറെ പഴക്കമുണ്ട്‌. വേനല്‍ക്കാലത്തും മഴക്കാലത്തും ഒരുപോലെ ദുരിതം അനുഭവിച്ചാണ്‌ ഇവിടെ 24 മണിക്കൂറും സേവനനിരതരായ ഉദ്യോഗസ്‌ഥര്‍ ജോലി ചെയ്ുയന്നത്‌.

35ഓളം ഉദ്യോഗസ്‌ഥര്‍ ജോലി ചെയ്യുകയും വിശ്രമിക്കുകയും ചെയ്യുന്ന കെട്ടിടം പുറത്തുനിന്ന്‌ നോക്കുമ്പോള്‍ വലിയ പ്രശ്‌നങ്ങളൊന്നും തോന്നില്ലെങ്കിലും അകത്തേക്ക്‌ കടന്നാല്‍ യഥാര്‍ഥ സ്‌ഥിതി വ്യക്‌തമാകും. നാലു പതിറ്റാണ്ടിലേറെക്കാലം സര്‍ക്കാര്‍ റൂറല്‍ ഡിസ്‌പെന്‍സറിയായും പിന്നീട്‌ പ്രാഥമിക ആരോഗ്യ കേന്ദ്രമായും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ്‌ നിലവില്‍ അഗ്നിരക്ഷാ നിലയമായി ഉപയോഗിക്കുന്നത്‌. വിണ്ടുകീറിയ ചുമരുകളും ചോര്‍ന്നൊലിക്കുന്ന ആസ്‌ബസ്‌റ്റോസ്‌ മേല്‍ക്കൂരയും കെട്ടിടത്തെ അപകടാവസ്‌ഥയിലാക്കിയിരിക്കുകയാണ്‌.

വേനല്‍ക്കാലത്ത്‌ അസഹ്യമായ ചൂടും മഴക്കാലത്ത്‌ മേല്‍ക്കൂരയിലെ വിള്ളലുകളിലൂടെ വെള്ളം ഓഫീസിലേക്കും ഉദാ്യേഗസ്‌ഥരുടെ വിശ്രമമുറികളിലേക്കും ഒലിച്ചിറങ്ങുന്നതും പതിവാണ്‌. ശക്‌തമായ മഴയുണ്ടാകുമ്പോള്‍ മുറ്റത്ത്‌ കെട്ടിക്കിടക്കുന്ന വെള്ളം ഓഫീസിനകത്തേക്കും കയറുന്ന സ്‌ഥിതിയാണുള്ളത്‌. രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന ഉദ്യോഗസ്‌ഥര്‍ക്ക്‌ അല്‍പസമയം വിശ്രമിക്കാനുള്ള സൗകര്യം പോലും സുരക്ഷിതമല്ലാത്ത അവസ്‌ഥയിലാണ്‌. ജനറേറ്ററോ ഇന്‍വെര്‍ട്ടര്‍ സംവിധാനമോ ഇല്ലാത്തതിനാല്‍ വൈദ്യുതി മുടങ്ങിയാല്‍ പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലാകുന്നു.

ഫോണും കമ്പ്യൂട്ടറും പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഇന്‍വെര്‍ട്ടര്‍ തകരാറിലായപ്പോള്‍ സ്വന്തം ചെലവില്‍ ബാറ്ററി വാങ്ങി അറ്റകുറ്റപ്പണി നടത്തേണ്ടി വന്ന സാഹചര്യവും ഉണ്ടായതായി ജീവനക്കാര്‍ പറയുന്നു.

അതേസമയം, പയഞ്ചേരി കോറയില്‍ അഗ്നിരക്ഷാ നിലയത്തിനായി അനുവദിച്ച 40 സെന്റ്‌ സ്‌ഥലം കൈമാറിക്കിട്ടിയിട്ടുണ്ട്‌. ഇവിടെ പുതിയ ഓഫീസ്‌ കെട്ടിടം നിര്‍മ്മിക്കുന്നതിനായി 3.19 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മണ്ണ്‌ പരിശോധനാ റിപ്പോര്‍ട്ട്‌ ലഭിക്കുന്നതോടെ തുടര്‍നടപടികള്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ദുരന്തമുഖങ്ങളില്‍ ജനങ്ങളുടെ രക്ഷയ്‌ക്കായി എപ്പോഴും സജ്‌ജരായ അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക്‌ സുരക്ഷിതവും ആധുനിക അടിസ്‌ഥാനസൗകര്യങ്ങളോടുകൂടിയതുമായ പുതിയ ഓഫീസ്‌ കെട്ടിടം എത്രയും വേഗം യാഥാര്‍ഥ്യമാക്കണമെന്നാണ്‌ നാട്ടുകാരുടെയും ജീവനക്കാരുടെയും ആവശ്യം.

Post a Comment

أحدث أقدم
Join Our Whats App Group