പി വി അൻവർ മമതയ്ക്ക് നൽകിയ കത്തിൽ എൽഡിഎഫ്, യുഡിഎഫ് നേതാക്കളുടെ പേരുകൾ; 'ഇവരെല്ലാം തൃണമൂലിലേക്ക് വരും, ഉറപ്പ്'
തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് അവകാശപ്പെട്ട് പി വി അൻവർ മമത ബാനർജിക്ക് നൽകിയ കത്തിൽ സിപിഎം നേതാക്കളുടെയും യുഡിഎഫ് പക്ഷത്തെ നേതാക്കളുടെയും പേരുകൾ. 2024 നവംബർ 26 ന് അൻവർ മമതയ്ക്ക് അയച്ച കത്താണ് പുറത്തുവന്നത്. ഐ എം വിജയൻ, ജി സുധാകരൻ, സി ദിവാകരൻ, ഷിബു ബേബി ജോൺ, തോമസ് ചാഴിക്കാടൻ, കെ കെ രമ, സി കെ പദ്മനാഭൻ, പ്രതിഭ ഹരി, കോവൂർ കുഞ്ഞുമോൻ, തോമസ് കെ തോമസ്, എസ് രാജേന്ദ്രൻ, എ വി ഗോപിനാഥ്, കെ പി മോഹനൻ, കാരാട്ട് റസാക്ക് തുടങ്ങിയവർ ടി എം സിയിൽ ചേരുമെന്നാണ് അൻവർ കത്തിൽ അവകാശപ്പെട്ടിരുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് ഇടത് നേതാക്കളെ അടക്കം പലരെയും പാർട്ടിയിലെത്തിക്കുമെന്ന് കാണിച്ച് കേന്ദ്ര നേതൃത്വത്തിന് അൻവർ കത്ത് തന്നുവെന്നും എന്നാൽ കേരളത്തിൽ അന്വേഷിച്ചപ്പോൾ കത്തിലുള്ള പലർക്കും ഇക്കാര്യം അറിയില്ലായിരുന്നുവെന്നും ടിഎംസി ദേശീയ നേതൃത്വം പറഞ്ഞു. അൻവർ തൻ്റെ പേര് കത്തിൽ ഉൾപ്പെടുത്തിയതിനെ കുറിച്ച് അറിയില്ലെന്ന് കെ കെ രമ പ്രതികരിച്ചു. ഇക്കാര്യം തന്നോട് പറഞ്ഞിട്ടില്ല. തൻ്റെ അറിവില്ലാതെ അൻവർ എങ്ങനെ കത്തിൽ പേര് പരാമർശിച്ചുവെന്നും കെ കെ രമ ചോദിക്കുന്നു.
അതേസമയം ഇപ്പോൾ തൃണമൂൽ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് പുതിയ പാർട്ടിയുണ്ടാക്കി യുഡിഎഫിനോട് കൂടുതൽ അടുക്കാനാണ് പി വി അൻവറിന്‍റെ തീരുമാനം. രാഹുൽ ഗാന്ധിയുടെ ആശയങ്ങളുമായി ചേരുന്ന പുതിയ പാർട്ടി ഉടൻ രൂപീകരിക്കും. എന്നാൽ രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവാണ് അൻവർ എന്നും എല്ലാ പിന്തുണയും പിൻവലിക്കുകയാണെന്നും തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കി
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ അൻവർ പുതിയ രാഷ്ട്രീയ നീക്കവുമായി ഇറങ്ങുകയാണ്. ഇടത് എംഎൽഎ ആയിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി വെല്ലുവിളിച്ച് എംഎൽഎ സ്ഥാനം രാജിവെച്ചതായിരുന്നു ആദ്യ നീക്കം. യുഡിഎഫിനോട് അടുക്കാനായിരുന്നു താൽപ്പര്യമെങ്കിലും ആദ്യ ശ്രമം നടന്നില്ല. പിന്നാലെ ഡിഎംകെയിൽ ചേർന്നു. പിന്നെ മമതയെ കണ്ട് തൃണമൂൽ ആയി. ഒടുവിൽ യുഡിഎഫ് അസോസിയേറ്റ് അംഗമായി ബേപ്പൂരിൽ സ്വതന്ത്രനായി മത്സരിച്ചു. ഒടുവിൽ ടിഎംസിയെയും ഉപേക്ഷിച്ച് പുതിയ കേരള പാർട്ടിയുണ്ടാക്കാനാണ് നീക്കം. ബേപ്പൂരിലെ ഫലം എന്തായാലും അൻവറിനെ യുഡിഎഫിലെ നേരിട്ടുള്ള ഘടക കക്ഷിയാക്കുന്ന് അടക്കമുള്ള കാര്യങ്ങൾ കോൺഗ്രസിന്‍റെ പരിഗണനയിലാണ്.
إرسال تعليق