ബാങ്കിംഗ് ഇനി വാട്സ് ആപ്പിലും: അക്കൗണ്ട് ബാലൻസും, മിനി സ്റ്റേറ്റ്മെന്റ് എടുക്കുന്നതുൾപ്പെടെ പത്തോളം സേവനങ്ങൾ; വിരൽത്തുമ്പിൽ സുരക്ഷിതമായ സേവനവുമായി എസ്ബിഐ
പരവൂർ: ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് പുതിയ മുന്നേറ്റവുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കൾക്ക് ബാങ്ക് ശാഖകളിലോ എടിഎമ്മിലോ പോകാതെ തന്നെ ബാങ്കിംഗ് ഇടപാടുകൾ നടത്താനായി വാട്ട്സ്ആപ്പ് ബാങ്കിംഗ് സേവനം വിപുലീകരിച്ചു. അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നത് മുതൽ മിനി സ്റ്റേറ്റ്മെന്റ് എടുക്കുന്നത് വരെയുള്ള പത്തോളം സേവനങ്ങളാണ് വാട്ട്സ്ആപ്പ് വഴി ലഭ്യമാകുക.
രജിസ്റ്റർ ചെയ്യുന്ന വിധം
എസ്.ബി.ഐ വാട്ട്സ്ആപ്പ് ബാങ്കിംഗ് ഉപയോഗിക്കുന്നതിന് ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് ഒരു എസ്എംഎസ് അയച്ച് സേവനം ആക്ടിവേറ്റ് ചെയ്യാം. ഇതിനായി ‘WAREG Account Number’ എന്ന് ടൈപ്പ് ചെയ്ത് +91 7208933148 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കണം. ഉദാഹരണത്തിന് അക്കൗണ്ട് നമ്പർ 123456789 ആണെങ്കിൽ, WAREG 123456789 എന്നാണ് സന്ദേശം അയക്കേണ്ടത്. രജിസ്ട്രേഷൻ പൂർത്തിയായാൽ ബാങ്കിൽ നിന്ന് സ്ഥിരീകരണ സന്ദേശം ലഭിക്കും.
സേവനങ്ങൾ എങ്ങനെയൊക്കെ?
വിജയകരമായി രജിസ്റ്റർ ചെയ്ത ശേഷം +91 9022690226 എന്ന നമ്പറിലേക്ക് ‘Hi’ എന്ന് വാട്ട്സ്ആപ്പ് സന്ദേശം അയക്കുന്നതോടെ സേവനങ്ങൾ ലഭ്യമായിത്തുടങ്ങും. അക്കൗണ്ട് ബാലൻസ് പരിശോധിക്കൽ, അവസാനത്തെ പത്ത് ഇടപാടുകളുടെ മിനി സ്റ്റേറ്റ്മെന്റ് 250 ഇടപാടുകൾ വരെയുള്ള അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എന്നിവ ഇതിലൂടെ നേടാം. കൂടാതെ പെൻഷൻ സ്ലിപ്പ്, ഭവന-വിദ്യാഭ്യാസ വായ്പകളുടെ പലിശ സർട്ടിഫിക്കറ്റ് എന്നിവ ഡൗൺലോഡ് ചെയ്യാനും സൗകര്യമുണ്ട്.
വായ്പകളെക്കുറിച്ചുള്ള വിവരങ്ങൾ, നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ, എൻആർഐ സേവനങ്ങൾ എന്നിവയും വാട്ട്സ്ആപ്പിലൂടെ അറിയാൻ സാധിക്കും. എടിഎം കാർഡ് നഷ്ടപ്പെട്ടാൽ ബ്ലോക്ക് ചെയ്യുന്നതിനും അടുത്തുള്ള എടിഎം സെന്ററുകളും ബാങ്ക് ശാഖകളും കണ്ടെത്തുന്നതിനും ഈ സേവനം പ്രയോജനപ്പെടും. സമയം ലാഭിക്കുന്നതിനൊപ്പം സുരക്ഷിതമായി ബാങ്കിംഗ് ഇടപാടുകൾ നടത്താൻ വാട്ട്സ്ആപ്പ് ബാങ്കിംഗ് സഹായിക്കുമെന്ന് എസ്ബിഐ അറിയിച്ചു.
Post a Comment