പൊലീസ് ബാരിക്കേഡ് മറികടന്ന് ഡിവൈഎഫ്ഐ, ഡോക്ടർ റാമിന്‍റെ ക്ലിനിക്ക് അടച്ച് പൂട്ടി, കൊടിയും അംബേദ്കർ ചിത്രവും സ്ഥാപിച്ചു; പ്രതികളായ അധ്യാപകർ ഒളിവിൽ തന്നെ
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ പ്രേരണക്കുറ്റം ചുമത്തപ്പെട്ട അധ്യാപകർക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കി വിദ്യാർഥി - യുവജന സംഘടനകൾ. പലയിടത്തും ഇന്നും നിതിൻ വിഷയത്തിൽ വിദ്യാർഥി - യുവജന സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനിടെ കേസിലെ പ്രതിയായ വകുപ്പ് മേധാവി ഡോ. റാമിന്റെ തലശ്ശേരി ചിറക്കുനിയിലെ ക്ലിനിക്കിലേക്ക് ഡി വൈ എഫ് ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. പൊലീസുമായി ഉണ്ടായ ബലപ്രയോഗത്തിനൊടുവിൽ ബാരിക്കേഡുകൾ മറികടന്ന പ്രവർത്തകർ ക്ലിനിക്കിന് മുന്നിൽ പ്രതിഷേധം ശക്തമാക്കി. പ്രതിഷേധത്തിനൊടുവിൽ പ്രവർത്തകർ ഡോ. റാമിന്റെ ക്ലിനിക്ക് താഴിട്ട് പൂട്ടുകയും അവിടെ ഡി വൈ എഫ് ഐയുടെ കൊടിയും ഡോ. ബി ആർ അംബേദ്കറുടെ ചിത്രവും സ്ഥാപിക്കുകയും ചെയ്തു. നിതിൻ രാജിന്റെ മരണത്തിന് കാരണക്കാരായ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. അതേസമയം നിതിൻ രാജിന്റെ മരണത്തിൽ സസ്പെൻഷനിലായ അധ്യാപകരായ എം കെ റാമും സംഗീത നമ്പ്യാരും ഒളിവിൽ തുടരുകയാണ്. പ്രതികളെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.
പ്രതികരിച്ച് പ്രിൻസിപ്പൽ
അതിനിടെ നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികരിച്ച് പ്രിൻസിപ്പൽ വിനോദ് മോനി രംഗത്തുവന്നു. നിതിൻ എടുത്ത വായ്പയുടെ പേരിൽ ലത എന്ന അധ്യാപികയ്ക്ക് നിരന്തരം ഭീഷണി ഉണ്ടായിരുന്നുവെന്നും അവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിതിനെ ചേംബറിലേക്ക് വിളിച്ചുവരുത്തിയിരുന്നുവെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. നിതിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും ഫോൺ പിടിച്ചുവെച്ചിട്ടില്ലെന്നും വിനോദ് മോനി കൂട്ടിച്ചേർത്തു. ലോൺ ആപ്പിന് മാഡത്തിന്‍റെ പേര് കൊടുത്തിട്ടില്ലെന്നാണ് നിതിൻ പറഞ്ഞത്. കുടംബാംഗങ്ങളുടെ പേരാണ് നൽകിയിരുന്നതെന്നും അമ്മയുടെ പേരും ലത എന്നാണെന്നും നിതിൻ വ്യക്തമാക്കിയതായി പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. ലോൺ ആപ്പ് വിഷയം അറിയിക്കാൻ കുടുംബത്തിനെ വിളിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു എന്നാണ് പ്രിൻസിപ്പൽ പറയുന്നത്. ആ വിവരങ്ങളടക്കം പൊലീസിന് കൈമാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിതിന്‍റെ ഫോൺ പിടിച്ചുവെച്ചിട്ടില്ലെന്നും നിതിൻ തന്നെ വച്ചിട്ട് പോയതാണെന്നും പ്രിൻസിപ്പൽ ന്യായീകരിച്ചു.
Post a Comment