Join News @ Iritty Whats App Group

മേടത്തിറ കാണാൻ മുണ്ടയാംപറമ്പിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍

മേടത്തിറ കാണാൻ മുണ്ടയാംപറമ്പിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍


രിട്ടി: കനത്ത ചൂടിനെയും കുടിവെള്ളക്ഷാമത്തേയും കണക്കിലെടുക്കാതെ മുണ്ടയാംപറമ്പ് തറക്കുമീത്തല്‍ ഭഗവതി ക്ഷേത്രം മേടത്തിറ മഹോത്സവത്തില്‍ പങ്കാളികളായത് ആയിരങ്ങള്‍.

കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങകള്‍ക്ക് പുറമെ കോഴിക്കോട് ജില്ലയിലെ വടകര, പയ്യോളി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും തിങ്കളാഴ്ച വൈകുന്നേരം മുതല്‍ വലുതും ചെറുതുമായ വാഹനങ്ങളില്‍ നൂറുകണക്കിനാളുകളാണ് ക്ഷേത്രത്തിലേക്ക് എത്തിയത്.

ഇന്നലെ പുലർച്ചെ ആറുമണിയോടെ ക്ഷേത്രനഗരിയും സമീപപ്രദേശങ്ങളും വാഹനങ്ങളെയും ജനങ്ങളെയും കൊണ്ട് നിറഞ്ഞു. സ്ത്രീജനങ്ങളുടെ വൻബാഹുല്യമായിരുന്നു ഇത്തവണ. ക്ഷേത്രത്തില്‍ എത്തിച്ചേരുന്നവർക്കായി ദേവസ്വവും ക്ഷേത്രോത്സവക്കമ്മിറ്റിയും ചേർന്ന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. പൊലീസും ആരോഗ്യവകുപ്പും ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളും ഒത്തുചേർന്നു പ്രവർത്തിച്ചതോടെ ഭക്തജനങ്ങള്‍ വലിയ ബുദ്ധിമുട്ടു കൂടാതെ ദർശനം നടത്തി മടങ്ങി.

കുടിവെള്ളക്ഷാമം സംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ കുടിവെള്ളം കരുതിയാണ് മിക്കവരും എത്തിയത്. ഉത്സവത്തിനെത്തിച്ചേരുന്ന മുഴുവൻ ജനങ്ങള്‍ക്കും അന്നദാനവും ക്ഷേത്രത്തില്‍ ഏർപ്പെടുത്തിയിരുന്നു.

ഇന്നലെ പുലർച്ചെ അറിവിലാൻ ദൈവത്തിറ അരങ്ങിലെത്തി. രാവിലെ പെരുമ്പേശൻ ദൈവത്തിറയും ഭക്തരെ അനുഗ്രഹിച്ചു. ഉച്ചക്ക് മേടത്തിറ മഹോത്സവത്തിലെ പ്രധാന ചടങ്ങായ കുണ്ടുങ്കര ചോറുകോരല്‍ നടന്നു. വൈകുന്നേരം വലിയ തമ്പുരാട്ടിത്തിറ, രാത്രി തിറ അടിയന്തിരങ്ങള്‍ എന്നിവയും നടന്നു. ഇന്ന് പുലർച്ചെ ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത്. ഒൻപത് മണിയോടെ ചെറിയ തമ്പുരാട്ടിത്തിറക്ക് ശേഷം ഉച്ചയോടെ ഉത്സവം സമാപിക്കും.

ഹ‌ർത്താല്‍ ബാധിച്ചില്ല

കണ്ണൂർ ദന്തല്‍കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് വിവിധ ദളിത് സംഘടനകള്‍ പ്രഖ്യാപിച്ച ഹർത്താല്‍ മുണ്ടയാംപറമ്പ് ഭഗവതിക്ഷേത്രം മേടത്തിറ മഹോത്സവത്തെ ബാധിച്ചില്ല. ഹർത്താല്‍ പ്രഖ്യാപനത്തെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം മുതലെ വിവിധ വാഹനങ്ങളിലായി ജനം ക്ഷേത്ര നഗരിയിലേക്ക് നീങ്ങിയിരുന്നു. ഹർത്താല്‍ തുടങ്ങിയ ആറുമണിക്ക് മുമ്പു തന്നെ വൻ ഭക്തജനപ്രവാഹം ക്ഷേത്രത്തിലെത്തി. ഇരിട്ടി മേഖലയില്‍ സ്വകാര്യബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പൂർണതോതില്‍ സർവീസ് നടത്തി. കടകമ്പോളങ്ങളും തുറന്നു പ്രവർത്തിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group