'പാർട്ടി പ്രതിസന്ധിയിലാകുമെന്ന് കരുതി, പഹൽഗാം ഭീകരർ ഉപയോഗിച്ചത് തൻ്റെ സിം എന്ന് പറഞ്ഞു'; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനെ കുറിച്ച് കോങ്ങാട് എംഎൽഎ
കൊല്ലം: പഹൽഗാം ഭീകരാക്രമണത്തിൽ തൻ്റെ പേരിലുള്ള സിം കാർഡ് ഭീകരർ ഉപയോഗിച്ചുവെന്ന് വിശ്വസിപ്പിച്ചാണ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ശ്രമം നടത്തിയതെന്ന് കോങ്ങാട് എംഎൽഎ അഡ്വ. കെ. ശാന്തകുമാരി. ആരോപണം കേട്ടപ്പോൾ പാർട്ടി പ്രതിസന്ധിയിലാകുമെന്നാണ് ആദ്യം കരുതിയതെന്നും മണിക്കൂറുകളോളം തട്ടിപ്പ് സംഘം ഫോണിൽ സംസാരിച്ചുവെന്നും അവർ പറഞ്ഞു.
ഇന്നലെ രാവിലെയാണ് എംഎൽഎയെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘത്തിന്റെ ഫോൺ കോൾ എത്തിയത്. ഭീകരവാദ പ്രവർത്തനങ്ങൾക്കായി എംഎൽഎയുടെ പേരിൽ കാനറ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്നും ബോംബ് സ്ഫോടനത്തിന് ഈ അക്കൗണ്ട് ഉപയോഗിച്ചതായും തട്ടിപ്പുകാർ പറഞ്ഞു. മണിക്കൂറുകളോളം ഫോണിൽ സംസാരിച്ച് എംഎൽഎയെ മാനസികമായി സമ്മർദ്ദത്തിലാക്കാനാണ് സംഘം ശ്രമിച്ചത്. തിരഞ്ഞെടുപ്പ് കാലമായതിനാൽ തനിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങൾ പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കുമെന്ന് കരുതി ഏറെ നേരം ആശങ്കയിലായെന്ന് എംഎൽഎ വെളിപ്പെടുത്തി. വളരെ ആധികാരികമായ രീതിയിൽ സംസാരിച്ച തട്ടിപ്പുകാർ എംഎൽഎയെ ഭയപ്പെടുത്താൻ എല്ലാ വഴികളും നോക്കിയിരുന്നു. ഒരു ജനപ്രതിനിധി എന്ന നിലയിൽ പോലും വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് താൻ കടന്നുപോയതെന്നും, സാധാരണക്കാരുടെ അവസ്ഥ ഇതിലും ദയനീയമായിരിക്കുമെന്നും എംഎൽഎ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവം തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ എംഎൽഎ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇത്തരം വ്യാജ ഫോൺ കോളുകളിൽ വീഴരുതെന്നും ഡിജിറ്റൽ അറസ്റ്റ് എന്നൊരു നിയമ സംവിധാനം നിലവിലില്ലെന്ന് പൊതുജനങ്ങൾ മനസ്സിലാക്കണമെന്നും പൊലീസ് ആവർത്തിച്ച് വ്യക്തമാക്കുന്നു. എംഎൽഎയെ കുടുക്കാൻ ശ്രമിച്ച തട്ട് സംഘത്തെ സൈബർ വിദ്ഗ്ധരുടെ സഹായത്തോടെ തട്ടിപ്പ് സംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
إرسال تعليق