'ഇറാനെ ആക്രമിക്കുന്നത് നേരത്തെ അറിയിച്ചില്ല; ഇറാന്‍ ആക്രമണത്തില്‍നിന്ന് പ്രതിരോധിക്കാന്‍ സഹായിക്കുന്നുമില്ല'; യു.എസിനെതിരേ പരാതിയുമായി ഗള്‍ഫ് രാജ്യങ്ങള്‍
വാഷിങ്ടണ്: ഇസ്റാഈലുമായി ചേര്ന്ന് ഇറാനെ ആക്രമിക്കാനുള്ളശ നീക്കം യു.എസ് തങ്ങളെ മുന്കൂട്ടി അറിയിച്ചില്ലെന്ന് ഗള്ഫ് രാഷ്ട്രങ്ങള്ക്ക് പരാതി.
ആക്രമണത്തെക്കുറിച്ച് തങ്ങള്ക്ക് കൃത്യമായ മുന്നറിയിപ്പ് നല്കിയില്ലെന്നും പ്രതിരോധിക്കാന് മതിയായ സമയം ലഭിച്ചില്ലെന്നുമുള്ള പരാതി യു.എസിന്റെ ഗള്ഫ് സഖ്യകക്ഷികള്ക്കിടയില് വ്യാപകമാണ്. ഫെബ്രുവരി 28ന് ഇറാനെതിരേ അമേരിക്കയും ഇസ്റാഈലും നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ, മേഖലയിലെ യു.എസ് ഇസ്റാഈല് കേന്ദ്രങ്ങളെ ഇറാന് വ്യാപകമായി ലക്ഷ്യംവച്ചതോടെയാണ് സംഘര്ഷം രൂക്ഷമായത്. യു.എസ് നീക്കത്തെക്കുറിച്ച് തങ്ങളെ മുന്കൂട്ടി അറിയിച്ചിരുന്നില്ലെന്ന് രണ്ട് ഗള്ഫ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥര് യു.എ.ഇ ആസ്ഥാനമായ ഗള്ഫ് ന്യൂസിനോട് പറഞ്ഞു. യുദ്ധം മേഖലയിലുണ്ടാക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് തങ്ങള് നല്കിയ മുന്നറിയിപ്പുകള് യു.എസ് അവഗണിച്ചതായും ഇവര് കുറ്റപ്പെടുത്തുന്നു.
ഇസ്റാഈലിന്റെയും അമേരിക്കന് സൈനിക താവളങ്ങളുടെയും സുരക്ഷയ്ക്കാണ് യു.എസ് മുന്ഗണന നല്കുന്നതെന്ന വികാരവും മേഖലയില് ശക്തമാണ്. ഗള്ഫ് രാജ്യങ്ങളെ സ്വയം പ്രതിരോധിക്കാന് വിട്ടുനല്കിയതില് ഭരണകൂടങ്ങള്ക്കിടയില് വലിയ പ്രതിഷേധമുണ്ട്. തുടര്ച്ചയായ മിസൈല് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിലൂടെ തങ്ങളുടെ ഇന്റര്സെപ്റ്റര് മിസൈലുകളുടെ ശേഖരം വേഗത്തില് തീര്ന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥന് വ്യക്തമാക്കി. മേഖലയിലെ സഖ്യകക്ഷികളോട് കൂടിയാലോചിക്കാതെ ട്രംപ് ഭരണകൂടം നടത്തിയ നീക്കങ്ങള് നയതന്ത്ര തലത്തില് വലിയ വിള്ളലുകള് ഉണ്ടാക്കിയിട്ടുണ്ട്.
രഹസ്യ സ്വഭാവമുള്ള നയതന്ത്ര വിഷയമായതിനാല് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരാണ് അമേരിക്കയുടെ നിലപാടിനെതിരേ രംഗത്തെത്തിയത്. ഇറാന്റെ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്, അമേരിക്കയില് നിന്നുള്ള സൈനിക സഹായം കുറയുന്നതില് ഗള്ഫ് രാജ്യങ്ങളില് രോഷം പുകയുകയാണ്.
إرسال تعليق