Join News @ Iritty Whats App Group

എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം, ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും, 21 ദിവസം നിയന്ത്രണം

എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം, ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും, 21 ദിവസം നിയന്ത്രണം


ദില്ലി:എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം. പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ ബുക്കിംഗുകളിൽ വലിയ രീതിയിലുള്ള വർദ്ധവന് ഉണ്ടായതിന് പിന്നാലെയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയവും ഗാർഹിക എൽപിജി റീഫില്ലുകൾക്ക് 21 ദിവസത്തെ നിയന്ത്രണം ഏർപ്പെടുത്തിയത്. പെട്ടെന്നുണ്ടായ ഈ ഡിമാൻഡ് പരിഗണിച്ച്, പൂഴ്ത്തിവെപ്പ് തടയുന്നതിനും വിതരണം സുസ്ഥിരമാക്കുന്നതിനുമാണ് എണ്ണ വിപണന കമ്പനികളുടെ നടപടി. ലോക്ക് ഇൻ പിരീഡ് എന്ന രീതിയാണ് നിലവിൽ നടപ്പിലാക്കിയിട്ടുള്ളത്. യുദ്ധം പാചക വാതക സിലിണ്ടറുകളുടെ ക്ഷാമം സൃഷ്ടിക്കുമെന്ന നിരീക്ഷണത്തിൽ ഗാർഹിക എൽപിജി സിലിണ്ടറുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബുക്കിംഗുകളുടെ എണ്ണം കുത്തനെ ഉയർന്നതിനെത്തുടർന്ന് വെള്ളിയാഴ്ച മുതലാണ് ഈ നിയന്ത്രണം നിലവിൽ വന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലോക്ക് ഇൻ പിരീഡുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയവും

ഉപഭോക്താക്കൾ സിലിണ്ടറുകൾ പൂഴ്ത്തിവെക്കാതിരിക്കാനാണ് ഇത്തരമൊരു നടപടിയെന്ന് വിതരണക്കാരുടെ സംഘടനകളും അറിയിക്കുന്നത്. പരിഭ്രാന്തി മൂലമുള്ള അമിത ബുക്കിംഗുകൾ വിതരണ ശൃംഖലയെ സമ്മർദ്ദത്തിലാക്കുമെന്ന് എൽപിജി ഡീലർമാരുടെയും വിതരണക്കാരുടെയും വക്താവ് ബിജോൺ ബിഹാരി ബിശ്വാസ് ദി ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്. കൊൽക്കത്ത മെട്രോപൊളിറ്റൻ മേഖലയിൽ ബുക്കിംഗുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി ദിവസം ഒരു ലക്ഷം ബുക്കിംഗുകൾ നടക്കാറുള്ള കൊൽക്കത്തയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച മാത്രം 1.5 ലക്ഷം ബുക്കിംഗുകളാണ് ഐഒസിക്ക് ലഭിച്ചത്. ഇത് സിലിണ്ടറുകൾ എത്തിക്കുന്നതിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് വിതരണക്കാർ വിശദമാക്കുന്നത്.

എൽപിജിക്ക് നിലവിൽ ക്ഷാമമില്ലെന്നും വിതരണ ശൃംഖല ഭദ്രമാണെന്നും എണ്ണ കമ്പനികൾ വ്യക്തമാക്കുന്നതിനിടയിലാണ് നിയന്ത്രണം. ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അനാവശ്യമായി ബുക്കിംഗ് നടത്തരുതെന്നും അധികൃതർ അഭ്യർത്ഥിക്കുന്നത്. ഉപഭോക്താക്കൾ സിലിണ്ടറുകൾ ബുക്ക് ചെയ്യുകയും എന്നാൽ ശൂന്യമായ സിലിണ്ടറുകൾ തിരികെ നൽകാതിരിക്കുകയും ചെയ്യുന്നത് ഫില്ലിംഗ് പ്ലാന്റുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.ലോകസാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് അവശ്യസാധനങ്ങൾക്ക് ക്ഷാമമുണ്ടാകുമോ എന്ന ഭയത്താലാണ് പലരും മുൻകൂട്ടി ബുക്ക് ചെയ്യുന്നത്. ലോക്ക്-ഇൻ സിസ്റ്റം നടപ്പിലാക്കുന്നതോടെ വരും ദിവസങ്ങളിൽ ഡിമാൻഡ് കുറയുമെന്നും വിതരണം സാധാരണ നിലയിലാകുമെന്നുമാണ് വിതരണക്കാരുടെ വിലയിരുത്തൽ.

Post a Comment

أحدث أقدم
Join Our Whats App Group