'വിറകടുപ്പിലേക്ക് മാറേണ്ട സ്ഥിതിയാണ്'; വാണിജ്യ എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറയും, ഹോട്ടലുകൾ ആശങ്കയിൽ
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള എൽപിജി ഉപയോഗം കടുത്ത നിയന്ത്രണത്തിലേക്ക്. ഹോട്ടൽ മേഖലയിൽ ഉപയോഗിക്കുന്ന എൽപിജി കൊമേഴ്സ്യൽ സിലിണ്ടറുകളുടെ ലഭ്യത കുറവുണ്ടാകുമെന്ന് ഹോട്ടൽ ഉടമകൾക്ക് വിവരം ലഭിച്ചു. എൽപിജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ വിതരണക്കാർക്ക് ഇതുസംബന്ധിച്ച് കത്ത് നൽകി. ഹോട്ടലുകളും വ്യവസായ സ്ഥാപനങ്ങളും ഉപയോഗിക്കുന്ന 19 കിലോഗ്രാം, 47.5 കിലോഗ്രാം വിഭാഗങ്ങളിലുള്ള സിലിണ്ടറുകളുടെ ലഭ്യതയിലാണ് കുറവുള്ളത്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ സിലിണ്ടറുകൾ നിറയ്ക്കുന്നത് ഐഒസി നിർത്തിവച്ചെന്നാണ് റിപ്പോർട്ട്. അതേസമയം ഗാർഹിക സിലിണ്ടറുകളുടെ ബുക്കിംഗിനുള്ള നിയന്ത്രണം തുടരും. രണ്ട് സിലിണ്ടറുകൾ ഉള്ളവർക്ക് 30 ദിവസത്തിന് ശേഷവും ഒരു സിലിണ്ടർ ഉള്ളവർക്ക് 21 ദിവസത്തിന് ശേഷവും ബുക്കിംഗ് നടത്താം. പാചക വാതകത്തിന്‍റെ വില വർധിച്ചതിന് പിന്നാലെയാണ് ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. ഓൺലൈൻ ബുക്കിങ് സംവിധാനങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഗാർഹിക ഉപഭോക്താക്കൾക്ക് ഒടിപി സംവിധാനം നിർബന്ധമാക്കിയതായും അറിയിച്ചിട്ടുണ്ട്.
വാണിജ്യ പാചക വാതക ദൌർലഭ്യം തട്ടുകടകൾ ഉൾപ്പെടെയുള്ള ഹോട്ടൽ മേഖലയ്ക്ക് പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. സാധാരണയായി ഹോട്ടലുകളിൽ 19 കിലോഗ്രാം സിലിൻഡറുകളാണ് ഉപയോഗിക്കുന്നത്. ഇടത്തരം ഹോട്ടലുകൾക്ക് ദിവസേന മൂന്ന് മുതൽ നാല് വരെ സിലിൻഡറുകൾ ആവശ്യമായി വരും. ചെറിയ കടകൾക്ക് ദിവസത്തിൽ കുറഞ്ഞത് ഒരു സിലിൻഡർ വേണമെന്നതാണ് അവസ്ഥ. കേരളത്തിലെ പാചകവാതക വിതരണത്തിന്റെ 52 ശതമാനവും ഐഒസിയാണ് നിർവഹിക്കുന്നത്. നിയമപ്രകാരം ഹോട്ടലുകൾക്ക് പരമാവധി 100 കിലോഗ്രാം വരെ മാത്രമേ പാചകവാതകം സൂക്ഷിക്കാൻ കഴിയൂ. ഇടത്തരം ഹോട്ടലുകളിൽ സാധാരണയായി അഞ്ചു സിലിൻഡർ വരെ മാത്രമേ സ്റ്റോക്കുണ്ടാകാറുള്ളു. ഇത് രണ്ടോ മൂന്നോ ദിവസത്തേക്കുള്ള ആവശ്യത്തിനാണ് മതിയാകുക. അതിനു ശേഷം സിലിൻഡർ ലഭിക്കാത്ത പക്ഷം ഹോട്ടലുകൾ അടച്ചിടേണ്ട സാഹചര്യം ഉണ്ടാകുമെന്ന ആശങ്കയും ഉയരുന്നു.
അതേസമയം സിഎൻജി ലഭ്യതയിൽ പ്രശ്നമില്ലെന്ന് വിതരണക്കാർ അറിയിച്ചു. വ്യവസായ ആവശ്യത്തിനുള്ള സിഎൻജി ലഭ്യതയിലും കുറവ് വരില്ലെന്ന് അദാനി ഗ്യാസ് ലിമിറ്റഡ് വ്യക്തമാക്കി. വീടുകളിലേക്കും കാറുകളിലേക്കുമുള്ള സിഎൻജി ലഭ്യതയിലും കുറവ് ഉണ്ടാകില്ല. എറണാകുളം മുതൽ കാസർകോട് വരെ സിഎൻജി ലഭ്യതയിൽ പ്രശ്നമുണ്ടാകില്ലെന്ന് അദാനി ഗ്യാസ് ലിമിറ്റഡ് പ്രതിനിധി അജയ് പിള്ള അറിയിച്ചു.</p><p></p>
إرسال تعليق