ട്രംപിന് മറുപടിയുമായി ഐആർജിസി; 'അവസാനം എപ്പോഴെന്ന് ഞങ്ങൾ തീരുമാനിക്കും, മേഖലയുടെ ഭാവി ഇറാന്‍റെ കൈകളിൽ'
ടെഹ്‌റാൻ: ഇറാനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിന് മറുപടിയുമായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരായ സൈനിക നീക്കം എപ്പോൾ അവസാനിക്കുമെന്ന് തീരുമാനിക്കുന്നത് തങ്ങളായിരിക്കുമെന്നാണ് ഐആർജിസിയുടെ മറുപടി. മേഖലയുടെ ഭാവി ഇറാൻ സേനയുടെ കൈകളിലാണെന്ന് ഐആർജിസി അവകാശപ്പെട്ടു. ഇറാനിലെ സംഘർഷം ഉടൻ അവസാനിക്കുമെന്ന ട്രംപിന്‍റെ പരാമർശത്തിനാണ് ഐആർജിസിയുടെ മറുപടി.
യുദ്ധത്തിന്റെ അവസാനം നിശ്ചയിക്കുക ഞങ്ങളാണ്' എന്നാണ് ഐആർജിസി ഒരു പ്രസ്താവന. 'മേഖലയുടെ സമവാക്യങ്ങളും ഭാവിയും ഇപ്പോൾ നമ്മുടെ സായുധ സേനയുടെ കൈകളിലാണ്' എന്നാണ് രണ്ടാമത്തെ മറുപടി. എന്നാൽ ഇറാൻ വിഷയത്തിൽ പരസ്പര വിരുദ്ധ പ്രസ്താവനകളാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്നത്. യുദ്ധം ഏകദേശം പൂർത്തിയായെന്ന് ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടി യോഗത്തിൽ ഈ പരാമർശം ആവർത്തിച്ചില്ല. പകരം, യുദ്ധം തുടരുമെന്നാണ് ട്രംപ് പറഞ്ഞത്. ഹോർമൂസ് കടലിടുക്ക് അമേരിക്ക ഏറ്റെടുക്കുന്നത് പരിഗണനയിൽ ആണ്. എണ്ണ വില കുറയ്ക്കാൻ ചില രാജ്യങ്ങൾക്ക് മേലുള്ള ഉപരോധം നീക്കുന്നത് ആലോചനയിലാണെന്നും ട്രംപ് പറഞ്ഞു.
ട്രംപിന്‍റെ പരസ്പരവിരുദ്ധ പ്രസ്താവനകൾ
എണ്ണ വില ആഗോളതലത്തിൽ ഉയരുന്നതും ഓഹരി വിപണിയുടെ മൂല്യം കുറയുന്നതും വൈറ്റ് ഹൗസിനെ വലിയ രീതിയിൽ സമ്മർദത്തിലാക്കിയിരുന്നു. യുദ്ധം ഏകദേശം പൂർത്തിയായിരിക്കുന്നുവെന്നാണ് ടെലിവിഷൻ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. എന്നാൽ അതിവേഗത്തിൽ ഇറാന്റെ സൈനിക ശേഷി നശിപ്പിക്കാനായെന്നും മിസൈൽ ലോഞ്ചറുകൾ 90 ശതമാനം തകർത്തെന്നുമാണ് പറഞ്ഞത്. തുടർന്ന് ഏതാനും മണിക്കൂറുകൾക്കകം റിപ്പബ്ലിക്കൻ പാർട്ടിയിലെ യോഗത്തിൽ ശത്രുവിനെ പൂർണമായും പരാജയപ്പെടുത്തുന്നത് വരെ യുദ്ധം തുടരുമെന്നും അതുവരെ അമേരിക്ക പിന്മാറില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. ഈ ആഴ്ച യുദ്ധം അവസാനിപ്പിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമനേയിയെ തെരഞ്ഞെടുത്തത് നിരാശാജനകമായ ഒരു തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ യുദ്ധം ലോക വിപണികളിലേക്കുള്ള എണ്ണയുടെ വിതരണത്തെ തടസ്സപ്പെടുത്തി, യുഎസിലടക്കം ഇന്ധന വില കുതിച്ചുയരാൻ കാരണമായി. ഇറാന്റെ പരമോന്നത നേതാവായി അയത്തുള്ള മുജ്തബ ഖമനെയിയെ തെരഞ്ഞെടുത്തതിന് ശേഷം, 2022 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് എണ്ണവില ഉയർന്നു. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച യുദ്ധം പത്ത് ദിവസം പിന്നിട്ടിരിക്കുകയാണ്.
إرسال تعليق