ഇരിക്കൂർ കുഞ്ഞാമിന വധം: 10 വർഷത്തിനുശേഷം രണ്ട് പ്രതികൾ കണ്ണൂർ ക്രൈംബ്രാഞ്ചിന്റെ പിടിയിൽ
കണ്ണൂർ: ഇരിക്കൂറിൽ വീട്ടിൽ കയറി വയോധികയെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിലെ രണ്ട് പ്രതികൾ 10 വർഷത്തിനു ശേഷം അറസ്റ്റിൽ. ഇരിക്കൂർ സിദ്ദിഖ് നഗറിലെ പരേതനായ നിട്ടൂര്‍ മൊയ്തീന്റെ ഭാര്യ സബീന മന്‍സിലില്‍ കുഞ്ഞാമിന കൊല്ലപ്പെട്ട സംഭവത്തിലാണ് മധ്യപ്രദേശ് ഉജ്ജയിൻ സ്വദേശിനികളായ പർവീൺ ബാനു (55), മകൾ സക്കീന ഫാത്തിമ (32) എന്നിവരെ കണ്ണൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പർവീൺ ബാനുവിന്റെ മകൻ അബാസ് അലിയാണ് ഇനി പിടിയിലാകാനുള്ളത്.
കണ്ണൂർ ക്രൈം ബ്രാഞ്ചിലെ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം എസ്പി എ. ബാലകൃഷ്ണൻ നായർ, ഡിവൈഎസ്പി സുധീർ കല്ലൻ, സബ് ഇൻസ്പെക്ടർമാരായ അബ്ദുൾ റൗഫ്, ഗിരീഷ്, സുധീഷ് എഎസ്ഐ മഞ്ജുള എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മധ്യപ്രദേശ് ഉജ്ജയിനിൽ വച്ചാണ് ഇവർ പിടിയിലായത്. പ്രതികളെ കണ്ണൂരിൽ എത്തിച്ചു.
2016 ഏപ്രിൽ 30നാണ് ഇരിക്കൂർ സിദ്ദീഖ് നഗർ സ്വദേശിനി കുഞ്ഞാമിന കവര്‍ച്ചയ്ക്കിടെ അതിദാരുണമായി കൊല്ലപ്പെടുന്നത്. കുഞ്ഞാമിനയുടെ വീട്ടുപറമ്പിലെ വാടക വീട്ടിൽ താമസിച്ച രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണ് കൊലപാതകം നടത്തിയതെന്ന് പ്രാഥമികാന്വേഷണത്തിൽ ഇരിക്കൂർ പോലീസിന് മനസിലായിരുന്നു. വയറ്റിലും ശരീരത്തിന്റെ വിവിധഭാഗങ്ങളിലുമായിയി 19 കുത്തുകളേറ്റിരുന്നു. കുഞ്ഞാമിനയുടെ ദേഹത്തുണ്ടായിരുന്ന പത്തു പവനോളം സ്വര്‍ണാഭരണങ്ങളും നഷടപ്പെട്ടിരുന്നു.
എന്നാൽ, ഇവർ ഏത് സംസ്ഥാനക്കാരാണെന്നുപോലും വ്യക്തമായിരുന്നില്ല. ആദ്യനാളുകളില്‍ ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡിന്റെ സഹായത്തോടെ അന്വേഷണം നടത്തി പതിനാലു സംസ്ഥാനങ്ങളില്‍ പോലീസ് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കൊലപാതകം നടത്തിയ ശേഷം മൂവർസംഘം അന്ന് രാവിലെ ഒന്‍പതരയ്ക്ക് ക്വാര്‍ട്ടേഴ്സ് ഒഴിഞ്ഞു പോയിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ തന്നെ പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. രാവിലെ എട്ടുമണിക്കും ഒന്പതരയ്ക്കുമിടെയിലാണ് കൊലപാതകം നടന്നതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും സ്ഥിരീകരിച്ചിരുന്നു.
മൂവരും വ്യാജപേരും മേല്‍വിലാസവുമാണ് ഇവിടെ നല്‍കിയതെന്ന് കണ്ടെത്തിയിരുന്നു. കൊലനടന്ന ദിവസം ഇരിക്കൂറില്‍ നിന്ന് ഓട്ടോറിക്ഷയില്‍ രാവിലെ 10.45ന് എത്തിയ സംഘം ഇവിടെ പ്രകാശ് ജംഗ്ഷനില്‍ നില്ക്കുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. കൊലപാതകത്തിനു ശേഷം സംഘം മഹാരാഷ്ട്രയിലേക്ക് പോയതെന്നായിരുന്നു ഇവരുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പോലീസിന് വ്യക്തമായത്. തുടര്‍ന്ന് ഗുജറാത്തിലെ സൂറത്തിലുമെത്തി.
ഇവിടെ നിന്നു രാജസ്ഥാനിലെ അജ്മീറിലെത്തിയവർ 21 മുതല്‍ വീണ്ടും റായ്ഗുഡിലെ ഹോട്ടലില്‍ താമസിച്ചിരുന്നു. എന്നാല്‍, ഇതിനു ശേഷം ഇവര്‍ എങ്ങോട്ടു പോയതെന്നതിനെ കുറിച്ചു വ്യക്തമായ വിവരമൊന്നും പോലീസിന് ലഭിച്ചിട്ടില്ല.സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ സംഘം ഉപയോഗിച്ചിരുന്ന സിംകാര്‍ഡിലെ മേല്‍വിലാസം കര്‍ണാടക ഗുണ്ടല്‍ പേട്ടിലെ സ്വദേശിയായ യുവതിയുടെ പേരിലുളളതാണെന്ന് കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് പോലീസ് സംഘം ഇവിടെ എത്തിയെങ്കിലും ഇവര്‍ ഇവിടെ വാടകയ്ക്കു താമസിച്ചപ്പോള്‍ അയല്‍വാസിയായ യുവതിക്ക് മാക്സി വില്പന നടത്തി സിംകാര്‍ഡ് കൈവശപ്പെടുത്തിയതാണെന്നു വ്യക്തമായിരുന്നു. ദേശീയ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയ്ക്ക് ഉള്‍പ്പെടെ പ്രതികളെ കുറിച്ചുളള വിവരങ്ങള്‍ കൈമാറിയെങ്കിലും കാര്യമായ അന്വേഷണ പുരോഗതിയുണ്ടായില്ല.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയായതോടെ നാട്ടുകാരും ആക്ഷന്‍ കമ്മിറ്റിയും പ്രക്ഷോഭമാരംഭിക്കുകയും കേസ് 2021 ജൂണില്‍ സംസ്ഥാനസര്‍ക്കാര്‍ ക്രൈം ബ്രാഞ്ചിന് വീടുകയും ചെയ്തു. 2013ൽ ആന്ധ്രയിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവർന്ന കേസ് ഇവർക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
തമിഴ്നാട്, ഗുജറാത്ത്, തിരുവനന്തപുരം, ഷൊർണൂർ, വയനാട് മാനന്തവാടിയിലും ഇവർ താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഷൊർണൂർ പോലീസിൽ ഇവർക്കെതിരെ പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസുണ്ട്. പല ഭാഷകളും സംസാരിക്കുന്ന മൂന്നുപേരെയും കണ്ടെത്താൻ വർഷങ്ങളായി നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
إرسال تعليق