കരോൾ സംഘത്തിന് നേരെ അതിക്രമം; സ്നേഹ കരോൾ നടത്താൻ യൂത്ത് കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ അധിക്ഷേപത്തിന് പിന്നാലെ നീക്കം
പാലക്കാട്: കരോൾ സംഘത്തിന് നേരെ ആക്രമണം ഉണ്ടായ പാലക്കാട് പുതുശ്ശേരിയിൽ ഇന്ന് വൈകീട്ട് 6 മണിക്ക് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ സ്നേഹ കരോൾ. വിദ്വേഷ പ്രചരണത്തിന് എതിരെ മതേതര വിശ്വാസികൾ അണിനിരക്കണം എന്ന ആഹ്വാനത്തോടെയാണ് കരോൾ നടക്കുന്നത്. കഴിഞ്ഞ ദിവസം പുതുശ്ശേരിയില്‍ കരോൾ നടത്തിയ കുട്ടികളെ ആർഎസ്എസ് പ്രവർത്തകർ മർദിച്ചിരുന്നു. പിന്നാലെ ബിജെപി നേതാക്കൾ കുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുകയും ചെയ്തു. സംഘർഷമുണ്ടാക്കാൻ കരോൾ സംഘം മദ്യപിച്ചാണ് എത്തിയതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി കൃഷ്ണകുമാർ ഇന്നലെ പറഞ്ഞു. മാന്യമായല്ലാതെ കരോൾ നടത്തിയാൽ അടി കിട്ടുമെന്ന് ഷോൺ ജോർജ് പ്രതികരിച്ചു. എന്നാല്‍ കരോൾനെതിരായ ആക്രമണം അപലപനീയമെന്ന് പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ വ്യക്തമാക്കിയിട്ടുണ്ട്.
പാലക്കാട് പുതുശ്ശേരി സുരഭി നഗറിൽ കുട്ടികൾ മാത്രം അടങ്ങുന്ന കരോൾ സംഘത്തെ ആർഎസ്എസ് പ്രവർത്തകൻ അശ്വിൻ രാജ് ആക്രമിച്ചത്. കുട്ടികൾ ഉപയോഗിച്ചിരുന്ന ബാന്‍റ് വാദ്യങ്ങൾ ചവിട്ടി പൊട്ടിക്കുകയും ചെയ്തിരുന്നു. പരാതിയെ തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. എന്നാൽ കുട്ടികളുടെ കരോൾ സംഘത്തെ അധിക്ഷേപിക്കുകയാണ് ബിജെപി. കരോൾ സംഘം മദ്യപിച്ച് മനപ്പൂർവം പ്രകോപനം ഉണ്ടാക്കിയെന്നായിരുന്നു ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കൃഷ്ണകുമാറിന്‍റെ പ്രതികരണം. ബിജെപി പ്രവർത്തകന്‍റെ നടപടിക്കെതിരെ ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം പ്രതിഷേധ കരോൾ സംഘടിപ്പിച്ചിരുന്നു
إرسال تعليق