ഭാര്യയുടെ വക കള്ളക്കേസുകള്‍; അച്ഛനെതിരെ പോക്‌സോ; കണ്ണൂരിലെ നാലുപേരുടെ മരണത്തില്‍ കുറിപ്പ് പുറത്ത്
കണ്ണൂർ: രാമന്തളിയിലെ കൂട്ടമരണത്തില്‍ കലാധരൻ എഴുതിയ കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്. ഭാര്യ കള്ളക്കേസുകള്‍ നല്‍കി നിരന്തരമായി മാനസികമായി പീഡിപ്പിച്ചതാണ് മരണകാരണമെന്നാണ് കലാധരന്റെ കത്തിലെ ഉള്ളടക്കം.
കലാധരനും ഭാര്യ നയൻതാരയും തമ്മില്‍ കുടുംബ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടു മക്കളെയും അമ്മയ്ക്ക് ഒപ്പം വിടാൻ കോടതി വിധി ഉണ്ടായിരുന്നു. ഇതിന് പിന്നാലെ നയൻതാര മക്കളെ ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ മക്കള്‍ക്ക് അമ്മയ്ക്കൊപ്പം പോകാൻ താല്‍പ്പര്യമില്ലായിരുന്നു. ജീവിതം മടുത്തെന്നും ഇങ്ങനെ മുന്നോട്ട് പോവാൻ കഴിയില്ലെന്നും കലാധരൻ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നുണ്ട്.
തിങ്കളാഴ്ച രാത്രിയാണ് രണ്ടും ആറും വയസ്സുള്ള മക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം കലാധരനും അമ്മയും വീട്ടില്‍ തൂങ്ങിമരിച്ചത്. ഭാര്യയുമായി അകന്ന് കഴിയുന്നതിനാല്‍ മക്കളുടെ സംരക്ഷണം സംബന്ധിച്ച തർക്കം കോടതി കയറിയതാണ് കുടുംബ പ്രശ്നം രൂക്ഷമാക്കിയത്. കലാധരൻ (38), അമ്മ ഉഷ (60), കലാധരൻ്റെ മക്കള്‍ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുതിര്‍ന്നവര്‍ രണ്ടുപേരും തൂങ്ങിമരിച്ച നിലയിലും കുട്ടികള്‍ തറയില്‍ കിടക്കുന്ന നിലയിലുമായിരുന്നു. ഓട്ടോ ഡ്രൈവറായ ഉഷയുടെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്‍ ജോലി കഴിഞ്ഞ് രാത്രി ഒന്‍പതു മണിയോടെ വീട്ടിലെത്തിയപ്പോഴാണ് വീട് അകത്തുനിന്ന് പൂട്ടിയ നിലയില്‍ കണ്ടത്. പലതവണ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെത്തുടര്‍ന്ന് സിറ്റൗട്ടില്‍ പരിശോധിച്ചപ്പോള്‍ അവിടെനിന്നും ഒരു ആത്മഹത്യക്കുറിപ്പ് ലഭിച്ചു. അദ്ദേഹം ഉടന്‍തന്നെ ഈ കത്ത് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസെത്തി വീടിന്റെ വാതില്‍ തകര്‍ത്താണ് ഉള്ളില്‍ പ്രവേശിച്ചത്. പാചകത്തൊഴിലാളിയായ കലാധരന് കുട്ടികളെ വിട്ടുനല്‍കാന്‍ താല്പര്യമില്ലായിരുന്നുവെങ്കിലും, കോടതി ഉത്തരവ് നടപ്പിലാക്കാന്‍ ഭാര്യവീട്ടുകാര്‍ പോലീസിന്റെ സഹായം തേടിയിരുന്നു. കുട്ടികളെ ഇന്ന് ഹാജരാക്കണമെന്ന് പോലീസ് ഉണ്ണിക്കൃഷ്ണനെ ഫോണിലൂടെ നിര്‍ദ്ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് ഇതെല്ലാം സംഭവിച്ചത്. കുട്ടികള്‍ക്കും അച്ഛനൊപ്പം നില്‍ക്കാനായിരുന്നു താല്‍പര്യമെന്ന് ബന്ധുക്കള്‍ പറയുന്നു.
ഇതിനിടെ കലാധരന്റെ പിതാവ് ഉണ്ണികൃഷ്ണനെതിരെ പോക്സോ കേസ് നല്‍കിയതും കുടുംബത്തെ ആകെ തകർത്തുവെന്ന് ബന്ധുക്കള്‍ പറയുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈൻ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
إرسال تعليق