മുഖ്യമന്ത്രി ചർച്ച നടത്തിയത് വോട്ടിന് വേണ്ടി; സിപിഎമ്മിൻ്റെ ഗുഡ് സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി
കോഴിക്കോട്: ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ജമാഅത്തെ ഇസ്ലാമി. ജമാഅത്ത് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയത് വോട്ടിന് വേണ്ടി തന്നെയാണെന്നും സിപിഎമ്മിൻ്റെ ഗുഡ് സർട്ടിഫിക്കറ്റിൻ്റെ ആവശ്യം ജമാഅത്തിനില്ലെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പുക്കോട്ടൂർ അറിയിച്ചു. സാമൂഹിക മാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചാണ് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
ജമാഅത്ത് നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത് വോട്ടിന് തന്നെയാണ്. സിപിഎം ചോദിച്ചത് വോട്ടാണ്. അത് ഞങ്ങൾ നൽകുകയും ചെയ്തു. സിപിഎമ്മിൽ നിന്ന് ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാനായിരുന്നില്ല ആ ചർച്ചകൾ. 2011 ഏപ്രിൽ 3ന് ആലപ്പുഴ ഗസ്റ്റ് ഹൗസിലായിരുന്നു പിണറായിയുമായി ചർച്ച നടത്തിയതെന്നും ശിഹാബ് പുക്കോട്ടൂർ കുറിപ്പിൽ വ്യക്തമാക്കി. ചർച്ച നടന്നില്ലെന്ന പാർട്ടി സെക്രട്ടറിയുടെ നുണ മുഖ്യമന്ത്രി തിരുത്തി. സിപിഎമ്മിൻ്റെ ഗുഡ് സർട്ടിഫിക്കറ്റിൻ്റെ ആവശ്യം ജമാഅത്തിനില്ലെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ജമാഅത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. അങ്ങനെ ചർച്ചകൾ നടന്നിട്ടേയില്ലെന്ന പാർട്ടി സെക്രട്ടറിയുടെയും സൈബർ പ്രചാരകരുടെയും വാദങ്ങൾ നുണയായിരുന്നുവെന്ന് സമ്മതിക്കുകയാണ് ഇതിലൂടെ മുഖ്യമന്ത്രി ചെയ്യുന്നത്. പക്ഷേ, അപ്പോഴും ചില തെറ്റിദ്ധാരണകൾ പരത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അദ്ദേഹം പറഞ്ഞതു പോലെ എ.കെ.ജി സെൻ്ററിലല്ല ചർച്ച നടന്നത്. ചർച്ചകൾ വിവിധ സ്ഥലങ്ങളിൽ നടന്നിട്ടുണ്ട്. അതിലൊരു ചർച്ച ആലപ്പുഴ ഗസ്റ്റ് ഹൗസിൽ ആയിരുന്നു.(2011 മാർച്ച് 31ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ അന്നത്തെ അമീറായിരുന്ന ടി. ആരിഫലിയും ശൈഖ് മുഹമ്മദ് കാരക്കുന്നുമായിരുന്നു ജമാഅത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.)
സന്ദർശനത്തെയും ചർച്ചയെയും സാധൂകരിച്ച് കൊണ്ട് പിണറായി വിജയൻ തന്നെ പ്രസ്താവന നടത്തിയതുമാണ്. സി.പി.എമ്മിൽ നിന്ന് ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാനായിരുന്നില്ല ആ ചർച്ചകൾ. ജമാഅത്തിന് അങ്ങിനെയൊരു സർട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടായിരുന്നില്ല. അത് കൊണ്ട് അത് ചോദിച്ചിട്ടുമില്ല; തന്നതുമില്ല. അങ്ങിനെയൊരു സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യാൻ അധികാരമുള്ള ഏജൻസിയാണ് സി.പി.എം എന്ന് ജമാഅത്ത് കരുതുന്നുമില്ല. സി.പി.എം ചോദിച്ചത് വോട്ടാണ്. അത് ഞങ്ങൾ നൽകുകയും ചെയ്തു. അത് അത്രയൊന്നും വിദൂരമല്ലാത്ത ചരിത്രമാണ്. അതിനെ നിഷേധിക്കുന്നത് പച്ചക്കള്ളമാണ്.
ശിഹാബ് പൂക്കോട്ടൂർ
സെക്രട്ടറി
ജമാഅത്തെ ഇസ്ലാമി കേരള
Post a Comment