Join News @ Iritty Whats App Group

സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'

സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'


തൃശൂര്‍: നുണകൾ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എം പിയായി സുരേഷ് ഗോപി മാറിയെന്ന് മന്ത്രി ആർ.ബിന്ദു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ നാലാം നില എം.പി യുടെ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിന്‍റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകൾ. ഇത് കള്ള പ്രചരണമെന്ന് മന്ത്രി ആര്‍ ബിന്ദു വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സംസ്ഥാന സർക്കാരിന്‍റെ വാർഷിക പദ്ധതിയിലും എട്ട് നബാർഡ് പദ്ധതിയിലും ഉൾപ്പെടുത്തിയാണ് നിർമ്മാണം. ഇതിനായി ഒരു രൂപ പോലും തൃശ്ശൂർ എംപി അനുവദിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇപ്രകാരം നുണപ്രചരണങ്ങൾ നടത്തുന്നവർക്ക് തെരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

വാസ്തവ വിരുദ്ധമായ പ്രസ്താവനകൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് തൃശ്ശൂർ എംപി സുരേഷ് ഗോപി ശ്രമിക്കുന്നത്. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ നാലാം നില സുരേഷ് ഗോപിയുടെ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിന്‍റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് പറഞ്ഞു നടക്കുന്നത് പച്ചക്കള്ളമാണ്. സമ്പൂർണമായും സംസ്ഥാന സർക്കാരിന്‍റെ ആഭിമുഖ്യത്തിൽ നടന്ന നിർമ്മിതിയാണ് ജനറൽ ആശുപത്രിയിലെ നവംബർ ആറിന് ഉദ്‌ഘാടനം ചെയ്യപ്പെട്ട പ്രധാന കെട്ടിടം. സംസ്ഥാന സർക്കാരിന്‍റെ വാർഷിക പദ്ധതിയിൽ എട്ടു കോടി രൂപയും നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 12 കോടി രൂപയും ചേർന്ന് ആകെ 20 കോടി രൂപ ചിലവിലാണ് കെട്ടിടത്തിന്‍റെ നിർമ്മാണം പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ബേസ്മെന്‍റ് ഫ്ലോറും ഗ്രൗണ്ട് ഫ്ലോറും അടക്കം ആറു നിലകളുടെ നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞത് ആർക്കും നേരിൽ കാണാവുന്നതാണ്. ഇതിനായി ഒരു രൂപ പോലും തൃശ്ശൂർ എംപി അനുവദിച്ചിട്ടില്ല. സുരേഷ് ഗോപി എം പിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുൻപ് തന്നെ ഒന്നാം ഘട്ടം പൂർത്തീകരിച്ച് 2023 ജനുവരി 13 ന് രണ്ടാം ഘട്ടം നിർമ്മാണം ആരംഭിക്കുകയും ചെയ്തിരുന്നു. നിർമ്മാണ പ്രവർത്തികൾ എല്ലാം പൂർത്തീകരിച്ചശേഷം നവംബർ ആറിന് ഉദ്‌ഘാടന പരിപാടി നിശ്ച്ചയിച്ചതിന് പിന്നാലെ 2025 ഒക്ടോബർ 20 തീയതി രേഖപ്പെടുത്തിയ ഒരു കത്ത് ഒരു കേന്ദ്ര പൊതുമേഖല സ്ഥാപനത്തിന്‍റെ സിഎസ്ആർ ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതാണ് എന്ന് പറഞ്ഞുകൊണ്ട് ആശുപത്രി അധികൃതർക്ക് ലഭ്യമാകുകയാണ് ഉണ്ടായിട്ടുള്ളത്. അങ്ങിനെ ഒരു കത്ത് ലഭിച്ചുവെന്നല്ലാതെ യാതൊരുവിധ തുടർ നടപടികളും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. സുരേഷ് ഗോപി സ്വന്തം പേരിൽ പറഞ്ഞു നടക്കുന്ന മറ്റെല്ലാ പദ്ധതികളും പോലെ ഇതിന്‍റെയും ഒരിഞ്ചുപോലും നിർമ്മാണം ആരംഭിച്ചിട്ടുമില്ല. ഇത്തരം വ്യാജ പ്രസ്താവനകൾ കേന്ദ്ര മന്ത്രി എന്ന പദവിക്ക് ചേരുന്നതല്ല. ഇപ്രകാരം നുണപ്രചരണങ്ങൾ നടത്തുന്നവർക്ക് തെരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു.

ആശുപത്രിയിലെ പുതിയ കെട്ടിടത്തിൽ ബേസ്‌മെന്‍റ് ഫ്‌ളോര്‍, ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നു മുതല്‍ നാല് വരെയുള്ള നിലകള്‍ എന്നിങ്ങനെ ആറ് നിലകളിലായാണ് കെട്ടിടം സജ്ജീകരിച്ചിരിക്കുന്നത്. ബേസ്‌മെന്‍റ് ഫ്‌ളോറില്‍ അത്യാഹിത വിഭാഗവും ഗ്രൗണ്ട് ഫ്‌ളോറിൽ ഒ.പി, ഫാര്‍മസി, ലബോറട്ടറി എന്നീ വിഭാഗങ്ങളും ഒന്നാം നിലയില്‍ വാര്‍ഡുകളുമായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഓപ്പറേഷന്‍ തിയേറ്റര്‍ ബ്ലോക്ക് രണ്ടാം നിലയിലും ഐ.സി.യു. അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് മൂന്നാം നിലയിലുമായിട്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ജനറല്‍ ആശുപത്രി ആയതുകൊണ്ട് തന്നെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ കാര്‍ഡിയോളജി, ന്യൂറോളജി വിഭാഗങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍കൂടി പുതിയ കെട്ടിടത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ലിഫ്റ്റ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉള്‍പ്പെടെയുള്ള സിവില്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സംവിധാനങ്ങളോടെയാണ് കെട്ടിടം പ്രവര്‍ത്തനക്ഷമമായിരിക്കുന്നതെന്നും മന്ത്രി ഡോ. ആർ. ബിന്ദു കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
Join Our Whats App Group