'ബസ്സിൽ തുടങ്ങി സൗഹൃദം, 'അങ്കിളിന്റെ' പെരുമാറ്റം ഹൃദ്യമായിരുന്നു'; ചതി അറിഞ്ഞില്ല, അക്ഷർധാമിൽ ഫോണും വാച്ചുമടക്കം 1.8 ലക്ഷത്തിന്റെ മുതൽ കവര്‍ന്നു
ദില്ലി: ദില്ലി അക്ഷർധാം ക്ഷേത്രത്തിൽ ആദ്യമായി ദർശനത്തിനെത്തിയ യുവാവിൽ നിന്ന് 1.8 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സാധനങ്ങൾ കവർന്നതായി പരാതി. റെഡ്ഡിറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ യുവാവ് പങ്കുവെച്ച ദുരനുഭവമാണ് ശ്രദ്ധ നേടുന്നത്. ഈ സംഭവം തന്നെ വല്ലാതെ അലട്ടുന്നുണ്ടെന്നും ഇത്തരം ചതിക്കുഴികളിൽ മറ്റുള്ളവർ വീഴരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ക്ഷേത്രത്തിലേക്കുള്ള ബസ് യാത്രയിലാണ് തട്ടിപ്പിന്റെ തുടക്കം. യാത്രാ മാർഗ്ഗത്തെക്കുറിച്ച് ചോദിക്കുന്നത് കേട്ടതിന് ശേഷം 50 വയസ്സിനടുത്ത് പ്രായമുള്ള ഒരാൾ അടുത്തിരുന്ന് സൗഹൃദം സ്ഥാപിച്ചു തുടങ്ങി. വിശ്വാസം നേടി: "മോനേ, എനിക്ക് എല്ലാ വഴിയും അറിയാം, ഞാൻ അവിടെയെല്ലാം കാണിച്ചു തരാം," എന്ന് പറഞ്ഞ് അയാൾ സംസാരിച്ച് തുടങ്ങി. സൗഹൃദത്തോടെ സംസാരിച്ച് പെട്ടെന്ന് തന്നെ അയാൾ വിശ്വാസം നേടിയെടുത്തു. ഇതോടെ താൻ വലിയ സമാധാനത്തിലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിലെത്തിയ ഉടൻ, അവിടെയുള്ള ക്ലോക്ക് റൂം സുരക്ഷിതമല്ലെന്ന് അയാൾ മുന്നറിയിപ്പ് നൽകി. അവിടെ വെച്ച് തനിക്ക് മുമ്പ് പണവും ഫോണും നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇയാൾ വിശ്വസിപ്പിച്ചു. ക്ഷേത്രത്തിലെ സംവിധാനങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാൽ യുവാവ് കൂടുതലൊന്നും ചോദിച്ചില്ല. തുടർന്ന് അയാൾ വിളിച്ച് വരുത്തിയ പൂജാരി വേഷത്തിലെത്തിയ മറ്റൊരാൾ, "നിങ്ങൾ ഒട്ടും വിഷമിക്കേണ്ട, നിങ്ങളുടെ എല്ലാ സാധനങ്ങളും ഇവിടെ സുരക്ഷിതമായിരിക്കും," എന്ന് പറഞ്ഞ് യുവാവിന്റെ സംശയങ്ങൾ അകറ്റി. യുവാവിൻ്റെ മുന്നിൽ വെച്ച് അങ്കിൾ തന്റെ ഫോണും പഴ്സും ഇവരെ ഏൽപ്പിച്ചു. ഇതോടെ യുവാവിന് പൂര്‍ണ വിശ്വാസമാവുകയും ചെയ്തു. തന്റെ സാംസങ് 24 അൾട്ര ഫോൺ, സ്മാർട്ട് വാച്ച്, 8,000 രൂപ പണം അടങ്ങിയ പഴ്സ്, കാർഡുകൾ, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഷൂസ്, ബെൽറ്റ് തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങൾ എല്ലാം ഇവരെ ഏൽപ്പിച്ചു.
സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഏൽപ്പിച്ച ശേഷം, കൂടെ വന്നയാൾ യുവാവിനൊപ്പം ദർശനത്തിനായി ക്ഷേത്രത്തിനകത്തേക്ക് പോവുകയും ക്ഷേത്രത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് തട്ടിപ്പിൻ്റെ അവസാന ഘട്ടം അരങ്ങേറിയതെന്ന് യുവാവ് പറഞ്ഞു. തനിക്കൊരു ലഡു തന്ന് ഞാൻ കാണിക്കയിട്ടിട്ട് വരാമെന്ന് പറഞ്ഞ് പെട്ടെന്ന് അയാൾ പോയി. വളരെ സാധാരണമായതിനാൽ തനിക്ക് പ്രത്യേകിച്ച് സംശയമൊന്നും തോന്നിയില്ല. പക്ഷെ എല്ലാം പെട്ടെന്നായിരുന്നു. മിനിറ്റുകൾക്കകം 'അങ്കിളും', പിന്നാലെ പൂജാരി വേഷത്തിലെത്തിയ ആളും അപ്രത്യക്ഷരായി. അതോടെയാണ് തന്നെ ചതിച്ചെന്ന് യുവാവിന് മനസ്സിലായത്. ബസ്സിൽ അടുത്തിരുന്ന നിമിഷം മുതൽ ഇതെല്ലാം ഇവര്‍ ആസൂത്രണം ചെയ്തതായിരുന്നു."
1.8 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ട യുവാവ് ഉടൻ തന്നെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രധാന ക്ഷേത്രങ്ങൾക്ക് സമീപം സമാനമായ തട്ടിപ്പുകൾ പതിവാണെന്നും ഇതിന് പിന്നിൽ സംഘടിത നീക്കമാണെന്നും പൊലീസ് പറഞ്ഞു. തട്ടിപ്പുകാർ ആദ്യമായി വരുന്നവരെയും തനിച്ചെത്തുന്നവരെയും വിശ്വാസം നേടിയാണ് കവർച്ച നടത്തുന്നത്. തട്ടിപ്പുകാർ സംശയം തോന്നുന്ന രൂപത്തിലായിരിക്കില്ല എന്നും, ഈ 'അങ്കിൾ' ക്ഷമയും വിനയവുമുള്ള, വിശ്വാസം നേടുന്ന വ്യക്തിയായിരുന്നു എന്നും യുവാവ് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ക്ലോക്ക് റൂമുകളിൽ മാത്രം സാധനങ്ങൾ ഏൽപ്പിക്കാനും അപരിചിതരെ വിശ്വസിക്കാതിരിക്കാനും യുവാവ് ആവശ്യപ്പെട്ടു.
Post a Comment