Join News @ Iritty Whats App Group

ഇരിട്ടി പഴയ പാലത്തില്‍ സമ്ബൂര്‍ണ ഗതാഗത നിരോധനം; കാല്‍നടയും വേണ്ട

രിട്ടി: ഇരിട്ടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം പെതുമരാമത്ത് വകുപ്പ് പൂർണമായും നിരോധിച്ചു. കാല്‍ നടയാത്രയ്ക്കുള്ള അവസരവും നിഷേധിക്കുന്ന തരത്തില്‍ പാലത്തിന്‍റെ ഇരുഭാഗങ്ങളിലും റിബണ്‍ വലിച്ചുകെട്ടി വഴിയടച്ചിരിക്കുകയാണ്.


സുരക്ഷാകാരണങ്ങളാലാണ് പാലത്തിലൂടെയുള്ള ഗതാഗതം താത്ക്കാലികമായി നിരോധിച്ചതെന്ന് കാണിച്ച്‌ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂ‌ട്ടീവ് എൻജിനിയറുടെ പേരില്‍ ബോർഡും സ്ഥാപിച്ചു. കഴിഞ്ഞ ദിവസം കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ് പാലത്തിലേക്ക് ഇടിച്ചു കയറിയിരുന്നു.

പാലത്തിന്‍റെ ഇരുമ്ബ് ചട്ടക്കൂടാണ് ബസ് പുഴയിലേക്ക് വീഴുന്നത് തടഞ്ഞുള്ള രക്ഷാകവചമായി നിലകൊണ്ടത്. ബസ് വേഗതയില്‍ പാലത്തിലേക്ക് ഇടിച്ചു കയറിയതുമൂലം പാലത്തിന്‍റെ ജോയിന്‍റു വേർപ്പെട്ടെന്നും ഇത് അപകട ഭീഷണിയാകുമെന്നും പരിശോധനയില്‍ കണ്ടെത്തിയതിനെ തുടർന്നാണ് പാലം അടച്ചിട്ടതെന്ന് പൊതുമരാമത്ത് പാലം വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ ബിനോയി പറഞ്ഞു.

തകർന്ന ഭാഗം ബലപ്പെടുത്തുന്നതിനുള്ള എസ്റ്റിമേററ് സമർപ്പിച്ചിട്ടുണ്ടെന്നും ബലപ്പെടുത്തല്‍ പൂർത്തിയാകുന്ന മുറയ്ക്ക് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തില്‍പെട്ട ബസ് മാറ്റി പാലത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ഇതോടെ ഇരിട്ടി ടൗണില്‍ നിന്നും തളിപ്പറമ്ബ് ഉളിക്കല്‍ ഭാഗത്തേക്കുളള വാഹനങ്ങള്‍ പുതിയ പാലം വഴി തിരിച്ചുവിട്ടു. വണ്‍വേ സംവിധാനം എന്ന നിലയില്‍ ഈ ഭാഗത്തേക്കുളള വാഹനങ്ങള്‍ പഴയ പാലം വഴി കടന്നുപോകാൻ തുടങ്ങിയത് ഗതാഗതക്കുരുക്കിനും പരിഹാരമായിരുന്നു. പഴയ പാലം അടച്ചതോടെ പുതിയ പാലത്തിലെ ഗതാഗതക്കുരുക്ക് വർധിച്ചിരിക്കുകയാണ്.

ബ്രിട്ടീഷ് ഭരണകാലത്ത് 1933-ല്‍ നിർമിച്ച പാലത്തിന് 90 വർഷത്തിലധികം പഴക്കമുണ്ട്. ഇരിട്ടി പട്ടണത്തിന്‍റെ അടയാളം കൂടിയാണ് പഴയ പാലം.

പുതിയ പാലം പൂർത്തിയാകുന്നതിനിടയില്‍ നിർമാണ പുരോഗതി വിലയിരുത്താൻ എത്തിയ അന്നത്തെ പൊതുമരാമത്ത് മന്ത്രി പഴയ പാലത്തെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഇതുവരെ നടപ്പായി‌‌ല്ല.

Post a Comment

أحدث أقدم
Join Our Whats App Group