Join News @ Iritty Whats App Group

ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദ് ശബരിമല മേൽശാന്തി, മുട്ടത്തുമഠം എംജി മനു മാളികപ്പുറം മേൽശാന്തി


പത്തനംതിട്ട: വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു. രാവിലെ എട്ടേകാലോടെയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്. നിലവിൽ ആറേശ്വരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തിയാണ് പ്രസാദ് നമ്പൂതിരി. ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പിനുശേഷമാണ് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ മൈഥിലി വർമയാണ് മാളികപ്പുറത്തെ നറുക്കെടുത്തത്.നിലവിൽ കൊല്ലം കൂട്ടിക്കട ധർമ്മശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയാണ് എംജി മനു നമ്പൂതിരി

ശബരിമല മേൽശാന്തിയാവനുള്ള പട്ടികയിൽ 14 പേരും മാളികപ്പുറത്തേക്ക് 13 പേരുമാണുണ്ടായിരുന്നത്. തുലാമാസ പൂജകൾക്കായി ഇന്നലെ നട തുറന്നത് മുതൽ വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ. സ്പോട് ബുക്കിങ് വഴി മുപ്പത്തിനായിരത്തിൽപരം പേരാണ് ഇന്നലെ ദർശനത്തിന് എത്തിയത്. ദ്വാരപാലക ശില്പങ്ങളിലെ സ്വർണം പൂശിയ പാളികൾ ഇന്നലെ ഘടിപ്പിച്ചിരുന്നു. 22നാണ് രാഷ്ട്രപതിയുടെ സന്ദർശനം. അന്ന് തീർത്ഥടകർക്ക് നിയന്ത്രണമുണ്ടാകും.

ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം

പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നും ഏതൊരാളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് ശബരിമലയിൽ മേൽശാന്തിയാവുകയെന്നതെന്നും ആ സ്വപ്നമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നതെന്നും നിയുക്ത ശബരിമല മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരി  പറഞ്ഞു. പറയാൻ വാക്കുകൾ കിട്ടുന്നില്ല. വൈകാതെ തന്നെ അയ്യപ്പ സന്നിധാനത്തിലേക്ക് എത്തുമെന്നും ഇഡി പ്രസാദ് നമ്പൂതിരി പറഞ്ഞു. മൂന്നാം തവണയാണ് ഇഡി പ്രസാദ് ശബരിമല മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള പട്ടികയിൽ വരുന്നത്. പരതേരായ ദാമോദരൻ നമ്പൂതിരിയുടെയും ലീലാ അന്തര്‍ജനത്തിന്‍റെയും മകനാണ് ഇഡി പ്രസാദ്. ഭാര്യ: രജില. മക്കൾ:അച്യുത് ദാമോദർ, അനൂജ് കൃഷ്ണൻ.നേരത്തെ ചോറ്റാനിക്കര മേൽശാന്തിയായിരുന്നു. കാവശേരി പരയ്ക്കാട്ട് കാവ് ക്ഷേത്രം തന്ത്രിയാണ്. മറ്റു നിരവധി ക്ഷേത്രങ്ങളിലും തന്ത്രി ചുമതല വഹിക്കുന്നുണ്ട്.

ഏറെ നാളത്തെ കാത്തിരിപ്പ്

വലിയ സന്തോഷമുണ്ടെന്നും ഏറെ നാളത്തെ കാത്തിരിപ്പായിരുന്നുവെന്നും നാലാം തവണ പ്രാര്‍ത്ഥന ഫലിച്ചുവെന്നും ശബരിമലയിൽ മേൽശാന്തിയാകണമെന്ന ആഗ്രഹം ബാക്കിയാണെന്നും ഇനിയും അപേക്ഷിക്കുമെന്നും നിയുക്ത മാളികപ്പുറം മേൽശാന്തി എംജി മനു നമ്പൂതിരി പറഞ്ഞു

Post a Comment

أحدث أقدم
Join Our Whats App Group