Join News @ Iritty Whats App Group

വാതിലോ ജനലോ കുത്തിപൊളിച്ചിട്ടില്ല, ഒന്നും വാരിവലിച്ചിട്ടില്ല; കണ്ണൂരിലെ മോഷ്ടാവ് എല്ലാം അറിയുന്നൊരാൾ, അന്വേഷണം ഊ‍ജ്ജിതം

കണ്ണൂർ:കണ്ണൂർ മാട്ടൂലിൽ പട്ടാപ്പകൽ വീട്ടിൽ നിന്നും ആറര പവൻ സ്വർണ്ണവും ആറുലക്ഷം രൂപയും കവർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീട്ടുകാർ പുറത്തുപോയ സമയത്താണ് മോഷണം നടന്നതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. സംഭവത്തിൽ പഴയങ്ങാടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.


സമയം വൈകീട്ട് മൂന്നേ മുപ്പതിനാണ് മോഷണം നടന്നിരിക്കുന്നത്. വീട്ടുടമസ്ഥ മുൻവശത്തെ കതകടച്ച് തൊട്ടടുത്തുളള വീട്ടിലേക്ക് പോകുകയും ഭർത്താവും ബന്ധുക്കളും ആശുപത്രിയിലേക്കും പോയി. ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മുൻവശത്തെ വാതിൽ അടഞ്ഞുതന്നെ കിടക്കുന്നുണ്ടായിരുന്നു. പക്ഷേ വാതിൽ അകത്തും നിന്നും ആരോ പൂട്ടി. സംശയം തോന്നിയതോടെ അയൽവാസികളും ബന്ധുക്കളുമെത്തി. പരിശോധനയിൽ അടുക്കള വാതിൽ തുറന്നു കിടക്കുന്നത് കണ്ടു. അകത്തെ മേശയിലും അലമാരയിലും സൂക്ഷിച്ച ആറര പവൻ സ്വർണ്ണവും ആറു ലക്ഷം രൂപയും ആരോ കവർന്നതായി കണ്ടെത്തി. വാതിലോ ജനലോ കുത്തിപൊളിച്ചിട്ടില്ല, ഒന്നും വാരിവലിച്ചിട്ടില്ല, താക്കോൽ ഉപയോഗിച്ച് എല്ലാം തുറന്നു. പിന്നീട് താക്കോൽ എടുത്ത സ്ഥലത്തു തന്നെ വച്ചു. കവർച്ചയ്ക്ക് പിന്നിൽ വീടും പരിസരവും കൃത്യമായി അറിയുന്നൊരാൾ എന്നാണ് പൊലീസ് നിഗമനം. ഡോഗ് സ്ക്വാഡും ഫിംഗർ പ്രിന്റ് വിദഗ്ദരും സ്ഥലം പരിശോധിച്ചു. വീട്ടുകാർ ഇറങ്ങുന്നതിനു മുൻപു തന്നെ കള്ളൻ വീട്ടിൽ കയറിയെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കുകയാണ് പൊലീസ്.

Post a Comment

Previous Post Next Post
Join Our Whats App Group