കണ്ണൂർ: കണ്ണൂർ മാട്ടൂല്‍ സെൻട്രലില്‍ വീട്ടില്‍ നിന്ന് ആറര പവൻ സ്വർണവും പണവും മോഷണം പോയതായി പരാതി. ഒക്ടോബർ 15, ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.
വീട്ടുടമസ്ഥർ പുറത്തുപോയ സമയത്താണ് മോഷണം നടന്നത്.
വീട്ടുകാർ വൈകിട്ട് വീട് പൂട്ടി അടുത്തുള്ള ഒരു വീട്ടിലേക്ക് പോയിരുന്നു. തിരികെ എത്തി താക്കോല്‍ ഉപയോഗിച്ച് വീട് തുറക്കാൻ ശ്രമിച്ചപ്പോള്‍, വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തി. പരിശോധനയില്‍ അടുക്കള വാതില്‍ തുറന്ന് കിടക്കുന്നതായും, മേശയിലും അലമാരയിലും സൂക്ഷിച്ചിരുന്ന പണവും ആറര പവൻ സ്വർണവും കാണാതായതായും വ്യക്തമായി.
വീട്ടുകാർ പുറത്തേക്ക് പോകുന്നതിന് മുമ്ബ് മോഷ്ടാവ് വീടിനുള്ളില്‍ കടന്ന്, അവർ പോയ ശേഷം വാതില്‍ അകത്ത് നിന്ന് പൂട്ടിയതാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പഴയങ്ങാടി പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Post a Comment