മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്‍റെ റണ്‍വേ വികസനത്തിന് സ്ഥലം ഏറ്റെടുക്കാതെ കിടക്കുന്നതിനാല്‍ ഇരുന്നൂറിലധികം കുടുംബങ്ങള്‍ ദുരിതത്തില്‍.
കീഴല്ലൂർ പഞ്ചായത്തിലെ കാനാട്, കോളിപ്പാലം, നല്ലാണി ഭാഗങ്ങളിലായാണു കണ്ണൂർ വിമാനത്താവളത്തിലെ റണ്‍വേ വികസിപ്പിക്കാൻ 245 ഏക്കർ സ്ഥലം ഏറ്റെടുക്കേണ്ടത്. റണ്‍വേ 3050 മീറ്ററില്‍നിന്ന് 4000 ആക്കി വികസിപ്പിക്കുന്നതിനാണിത്. 2017ലാണ് റണ്‍വേ വികസനത്തിന് സ്ഥലമേറ്റെടുക്കാൻ തീരുമാനിച്ചത്. തൊട്ടടുത്ത വർഷം വിജ്ഞാപനവും ഇറങ്ങി. എന്നാല്‍ ഏഴുവർഷം കഴിഞ്ഞിട്ടും തുടർനടപടികളൊന്നുമില്ല.
സാമ്ബത്തിക പ്രതിസന്ധിയിലുള്ള സർക്കാരിന് നഷ്‌ടപരിഹാരത്തിന് വേണ്ട വൻ തുക കണ്ടെത്താനുള്ള പ്രയാസമാണ് കാരണം. 942.63 കോടി രൂപയാണ് നഷ്‌ടപരിഹാരത്തിന് വേണ്ടി വരികയെന്നാണ് സർക്കാർ മുമ്ബ് നിയമസഭയില്‍ അറിയിച്ചത്. 162 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. സ്ഥലത്ത് വസ്തുവകകളുടെ മൂല്യനിർണയവും മറ്റും നടത്തിയെങ്കിലും സ്ഥലമേറ്റെടുപ്പിനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല. സാമ്ബത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന വിമാനത്താവളത്തിന് റണ്‍വേ വികസിപ്പിക്കാൻ വീണ്ടും കോടികള്‍ ചെലവിടുന്നതിനെതിരെയും ചോദ്യങ്ങളുയരും.
പ്രതിഷേധങ്ങളും നിവേദനങ്ങളും
നഷ്‌ടപരിഹാരം ലഭിക്കാത്തതിനാല്‍ പ്രതിഷേധങ്ങള്‍ നടത്തുകയും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നുവെങ്കിലും ഇതുവരെ കുടുംബത്തിന് നരകത്തില്‍നിന്ന് കരകയറനായില്ല.
സ്ഥല ഉടമകള്‍ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് യോഗങ്ങള്‍ നടത്തിയും കണ്ണൂർ കളക്‌ടറേറ്റിലേക്കും മട്ടന്നൂരിലെ തഹസില്‍ദാരുടെ ഓഫീസിലേക്കുമടക്കം മാർച്ചും ധർണയും നടത്തിയെങ്കിലും ഇവരുടെ പ്രശ്നത്തിന് പരിഹാരമായില്ല. മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ നിവേദനം നല്‍കിയിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കാനാട് പ്രദേശത്തെത്തി കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കിയിരുന്നു. എന്നാല്‍ വർഷം എട്ടുകഴിഞ്ഞിട്ടും കുടുംബങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണാത്തതിനാല്‍ കുടുംബം നിരാശയിലാണ്.
ലക്ഷ്യം
ഹബ് എയർപോർട്ട്
കണ്ണൂരിനെ ഹബ് എയർപോർട്ട് എന്ന നിലയില്‍ വികസിപ്പിക്കുക ലക്ഷ്യമിട്ടാണ് റണ്‍വേ 4000 മീറ്ററാക്കി വികസിപ്പിക്കണമെന്ന ആവശ്യം ഉയർന്നത്. വലിയ വിമാനങ്ങള്‍ക്കും ചരക്കുവിമാനങ്ങള്‍ക്കും സുഗമമായി ലാൻഡ് ചെയ്യാൻ ഇതോടെ സാധിക്കും.
റണ്‍വേ വികസനത്തോടെ രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമായി മാറാൻ കണ്ണൂരിന് സാധിക്കും. വിമാനത്താവളത്തിന്‍റെ നിർമാണം മുക്കാല്‍ഭാഗത്തോളം പൂർത്തിയായ സമയത്ത് യുഡിഎഫ് സർക്കാരിന്‍റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കല്‍ സംഘടിപ്പിച്ചിരുന്നു. റണ്‍വേ 4000 മീറ്ററാക്കി വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫിന്‍റെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. തുടർന്നാണ് റണ്‍വേ 4000 മീറ്ററാക്കി വികസിപ്പിക്കാൻ തീരുമാനമെടുത്തത്. എന്നാല്‍ വിമാനത്താവളം പ്രവർത്തനം തുടങ്ങി ഏഴുവർഷമാകാറായിട്ടും റണ്‍വേ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് തുടങ്ങാനായിട്ടില്ല.
പലായനത്തിന്‍റെ കഥ
വിമാനത്താവള പ്രദേശത്ത് നിന്ന് ഉരുള്‍പൊട്ടല്‍ കണക്കെ വെള്ളവും കല്ലും മറ്റും കുത്തിയൊഴുകി വന്നപ്പോള്‍ പ്രാണരക്ഷാർഥം വീടൊഴിഞ്ഞ് പോയ ആറു കുടുംബങ്ങളുണ്ട്. സ്വന്തം വീട്ടില്‍നിന്ന് ഭീതിയോടും വേദനയോടും കൂടി ഒഴിഞ്ഞുപോയ പി.കെ. നാരായണിയമ്മയും തമ്ബായിയമ്മയും ഇന്ന് ജീവിച്ചിരിപ്പില്ല. ആറുമാസത്തിനകം നഷ്‌ടപരിഹാരവും പുനരധിവാസവും ശരിയാക്കാമെന്നാണ് കളക്‌ടർ ഉള്‍പ്പടെയുള്ളവർ അന്ന് ഉറപ്പുനല്‍കിയത്. ഇവരുടെ വാക്കിന് യാതൊരു വിലയുമില്ലെന്ന് എട്ടുവർഷത്തിനിപ്പുറം ഈ വീട്ടുകാർ തിരിച്ചറിയുന്നു. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരെ കണ്ട് നിവേദനം നല്‍കിയിട്ടും സമര പരമ്ബരകള്‍ നടത്തിയിട്ടും അധികൃതർ കണ്ണുതുറന്നില്ല.
2017 മേയ് 21നാണ് വേനല്‍മഴയില്‍ വൻതോതില്‍ വെള്ളം കുത്തിയൊഴുകി വന്നത്. കീഴല്ലൂർ, കടാങ്ങോട്ട് ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലിനു സമാനമായ നാശനഷ്‌ടമുണ്ടായി. ഇവരുടെ വീടുകള്‍ താമസയോഗ്യമല്ലെന്ന് കണ്ടാണു മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചത്. വാടകവീടുകളിലേക്കാണു പലരും മാറിയത്.
വിമാനത്താവള കമ്ബനിയായ കിയാല്‍ വാടക നല്‍കണമെന്നും ധാരണയായിരുന്നു. എന്നാല്‍ എട്ടു മാസത്തോളം മാത്രമാണു വാടക ലഭിച്ചത്. പിന്നീട് അധികൃതരെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല.
തങ്ങളെ ആരും തിരിഞ്ഞുനോക്കാനില്ലെന്നു മനസിലാക്കിയപ്പോള്‍ നാരായണിയമ്മ കാനാട്ടെ പഴയ വീട്ടിലേക്ക് തന്നെ താമസം മാറ്റി. ശോച്യാവസ്ഥയിലായ വീട് തത്ക്കാലം വൃത്തിയാക്കിയാണ് പ്രതിഷേധ സൂചകമായി ഇവിടേക്കു മാറിയത്.
സുരക്ഷാഭീഷണി കണക്കിലെടുത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉടനെത്തി ഇവരെ വീണ്ടും മാറ്റിപ്പാർപ്പിച്ചു. അമ്മ മരിച്ചപ്പോള്‍ മൃതദേഹം പോലും വീട്ടിലെത്തിക്കാൻ സാധിച്ചില്ലെന്ന് തമ്ബായിയമ്മയുടെ മകള്‍ ഇ.കെ. ലേഖ കണ്ണീരോടെ പറയുന്നു. പ്രശ്‌ന പരിഹാരം തേടി ഇനി മുട്ടാത്ത വാതിലുകളില്ല. 245 ഏക്കർ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇവരോടൊപ്പം മാത്രമേ ഏഴു കുടുംബങ്ങള്‍ക്കും നഷ്‌ടപരിഹാരം ലഭ്യമാക്കാൻ സാധിക്കുകയുള്ളൂ എന്നാണ് അധികൃതരുടെ നിലപാട്. ഇവരില്‍ പലരുടെ വീടും തകർന്നുവീണു. വീടും സ്ഥലവും കാടുകയറി നശിക്കുന്നത് നിസഹായരായി നോക്കിനില്‍ക്കാൻ മാത്രമേ ഇവർക്ക് സാധിക്കുന്നുള്ളൂ.
പ്രേതാലയം പോലെ ഒരു പ്രദേശം
എട്ടുവർഷം വരെ ആള്‍പ്പാർപ്പും കൃഷിയുമൊക്കെ ഉണ്ടായിരുന്ന ഒരു മേഖല ഇന്ന് കാടുകയറിക്കിടക്കുകയാണ്. കാടുകള്‍ക്കിടയില്‍ പുരാവസ്തുക്കള്‍ പോലെ ജീർണിച്ച വീടുകള്‍ കാണാം. തമ്ബായിയമ്മയുടെ വീട് ഏതാണ്ട് പൂർണമായും മണ്ണടിഞ്ഞുകഴിഞ്ഞു. തെങ്ങും കവുങ്ങുമുള്‍പ്പടെ ധാരാളം കൃഷിയുണ്ടായിരുന്ന സ്ഥലത്ത് ഇന്ന് ചെളിയും വെള്ളവും കയറി ചതുപ്പുനിലത്തിനു സമാനമായിക്കിടക്കുന്നു. തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങി. വിമാനത്താവള പ്രദേശത്ത് നിന്നു വെള്ളം കുത്തിയൊഴുകി രൂപപ്പെട്ട തോടും ഇവിടെ കാണാം.
12 ലധികം വീട്ടുകാർ താമസിച്ചിരുന്ന സ്ഥലത്ത് ഇപ്പോള്‍ കെ. വിജയനും ഭാര്യയും മാത്രമാണുള്ളത്. അസുഖമായാല്‍ വിളിച്ചാല്‍ പോലും ആരും എത്താനില്ലാത്ത മേഖലയിലാണ് ഇദ്ദേഹം ഒറ്റയ്ക്ക് കഴിയുന്നതെന്നു നാട്ടുകാർ പറയുന്നു.
എന്നാല്‍ മാറിത്താമസിക്കാനില്ലെന്നും എല്ലാറ്റിനും സാക്ഷിയായി താൻ ഇവിടെ വേണമെന്നുമാണ് വിജയൻ പറയുന്നത്. ജീർണിച്ച വീടുകളില്‍നിന്ന് വിലപിടിപ്പുള്ള കതകുകളും വാതിലുകളും മറ്റും ചിലർ കൊണ്ടുപോയി. സർക്കാരിന്‍റെ അവഗണനയുടെ ബാക്കിപത്രമായി പ്രേതാലയം പോലെ കിടക്കുകയാണ് കാനാട് കോളിപ്പാലം ഭാഗത്തെ ഈ പ്രദേശം. നൂറുകണക്കിന് അടി ഉയരത്തില്‍ മണ്ണിട്ട് ഉയർത്തി നിർമിച്ചിട്ടുള്ള വിമാനത്താവള റണ്‍വേക്ക് തൊട്ടുതാഴെ വരുന്ന സ്ഥലമാണിത്.
ദുരിതജീവിതങ്ങള്‍
മഴ പെയ്താല്‍ ചോർന്നൊലിക്കുന്ന വീട്ടില്‍ നിന്നു മാറിത്താമസിക്കാനാണ് കാനാട്ടെ റസിയ എട്ടുവർഷം മുമ്ബ് വീടിന്‍റെ പണി തുടങ്ങിയത്. തറ കെട്ടിയപ്പോഴേക്കും സ്ഥലം വിമാനത്താവള റണ്‍വേ വികസനത്തിന് ഏറ്റെടുത്ത് സർക്കാർ വിജ്ഞാപനമിറക്കി. ബാക്കിയുള്ള നിർമാണത്തിനുള്ള അനുമതി നിഷേധിക്കപ്പെട്ടു.
തറ കെട്ടാൻ ചെലവാക്കിയ പണം പോലും നഷ്‌ടമായ അവസ്ഥയാണ്.
പല തവണ അധികൃതർക്ക് നിവേദനം നല്‍കിയെങ്കിലും സ്ഥലമേറ്റെടുപ്പ് പൂർത്തിയായാല്‍ മാത്രമേ രക്ഷയുള്ളൂ എന്നാണ് അധികൃതർ പറയുന്നത്. വീടിനായി കെട്ടിയ തറ കാടുകയറുമ്ബോള്‍ ചോർന്നാലിക്കുന്ന ഒറ്റനില വീട്ടില്‍ കഴിയേണ്ട ഗതികേടിലാണ് റസിയയും കുടുംബവും.
إرسال تعليق